വെള്ളമടിച്ച് വണ്ടിയോടിച്ചതിന് 300 രൂപ പെറ്റിയടയ്ക്കാൻ കോടതിയിൽ; അടിച്ച് ഓഫായി വീണത് കോടതി വരാന്തയിൽ, പുതിയ കേസ്

കൊല്ലം: മദ്യപിച്ച് വാഹനം ഓടിച്ചതിന് കോടതിയിൽ പെറ്റിയടയ്ക്കാനെത്തിയ ആൾ അടിച്ച് ഫിറ്റായി വീണു. പുനലൂർ കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഏരൂർ പൊലീസ് ചുമത്തിയ മുന്നൂറ് രൂപ പെറ്റിയടയ്ക്കാനാണ് ഏരൂർ മണലിൽ സ്വദേശി സുരേഷ് കുമാർ കോടതിയിലെത്തിയത്. ആളുടെ നിൽപ്പ് അത്ര പന്തിയല്ലന്ന് കണ്ട മജിസ്ട്രറ്റ്, കോടതി പിരിയും വരെ പുറത്ത് നിൽക്കാൻ വിധിച്ചു.

ശിക്ഷയുടെ ഭാഗമായി പുറത്ത് നിന്ന സുരേഷ് കുമാർ കണ്ണുവെട്ടിച്ച് പുറത്ത് പോയി വീണ്ടും മദ്യപിച്ചെത്തി. ലഹരി തലയ്ക്ക് പിടിച്ച് കാല് നിലത്തുറയ്ക്കാതെ വന്നതോടെ കുഴഞ്ഞ് വീണു. പുനലൂർ പൊലീസ് സ്ഥലത്തെത്തി വെള്ളമൊഴിച്ച് ബോധം വരുത്തി സ്റ്റേഷനിലെത്തിച്ചു. ബന്ധുക്കളെ വിളിച്ചു വരുത്തി ആൾ ജാമ്യത്തിൽ വിട്ടയച്ചു. മദ്യപിച്ച് പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കേസും രജിസ്റ്റർ ചെയ്തു.
