പ്രാര്‍ത്ഥിച്ച എല്ലാവരോടും ഒരുപാട് ഒരുപാട് താങ്ക്സ്; അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണി ആശുപത്രി വിട്ടു

നെട്ടൂര്‍ : വിവാഹദിനത്തില്‍ മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെ അപകടത്തില്‍പ്പെട്ട് ആശുപത്രിയിലായ തുമ്ബോളി സ്വദേശി ആവണി ആശുപത്രി വിട്ടു.നിശ്ചയിച്ച ദിവസം തന്നെ ആശുപത്രിക്കിടക്കിയില്‍ വരന്‍ ഷാരോണ്‍ ആവണിയെ താലികെട്ടിയിരുന്നു. തന്നെ ശുശ്രൂഷിക്കുകയും വിവാഹമടക്കമുള്ള കാര്യങ്ങള്‍ക്കുവേണ്ട പിന്തുണ നല്‍കുകയും ചെയ്ത വിപിഎസ് ലേക് ഷോര്‍ ആശുപത്രി അധിക്യതരോട് നന്ദി പറഞ്ഞാണ് ആവണി മടങ്ങിയത്. 12 ദിവസമാണ് ആവണി ആശുപത്രിയില്‍ കഴിഞ്ഞത്.
ഒരുപാട് പേരോട് നന്ദിയുണ്ടെന്നും ആത്മവിശ്വാസം വർദ്ധിച്ചുവെന്നും ആയിരുന്നു ആവണിയുടെ പ്രതികരണം. നിലവില്‍ ചികിത്സക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് പങ്കാളി ഷാരോണ്‍ പറഞ്ഞു. ‘ഒരുപാട് പേർ എനിക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടെന്ന് അറിയാം. വേറെ സംസ്ഥാനങ്ങളില്‍ നിന്നുവരെ ആളുകള്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. എല്ലാവരോടും ഒരുപാട് ഒരുപാട് താങ്ക്സ്. രണ്ട് കുടുംബങ്ങളുടെ പേരിലും നന്ദി’യെന്ന് ആവണി. ചെറിയൊരു ഫംഗ്ഷൻ നടത്താൻ ബന്ധുക്കള്‍ ആലോചിക്കുന്നുണ്ടെന്നും ഷാരോണ്‍ പറഞ്ഞു.

വിവാഹ ദിനത്തില്‍ പുലർച്ചെ മൂന്ന് മണിയോടെ വിവാഹത്തിന് മേക്കപ്പിടാനായി കുമരകത്തേക്ക് പോകുമ്ബോഴാണ് ആവണിയും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി മരത്തിലിടിച്ച് അപകടമുണ്ടായത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ആവണിയെ വിപിഎസ് ലേക് ഷോർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ ആവശ്യപ്രകാരം നിശ്ചയിച്ച മുഹൂർത്തത്തില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വെച്ച് ആവണിയുടെയും ഷാരോണിന്റെയും വിവാഹം നടന്നിരുന്നു.ചേര്‍ത്തല ബിഷപ് മൂര്‍ സ്‌കൂള്‍ അധ്യാപികയായ ആവണിയും ചേര്‍ത്തല കെവിഎം എന്‍ജിനീയറിംഗ് കോളേജ് അസിസ്റ്റന്റ് പൊഫസറുമാണ് ഷാരോണ്‍.
