ഗ്രൗണ്ടിലെത്തിയാല്‍ കോഹ്‌ലി ഫുള്‍ ‘ഓണ്‍’ ആണ്; നാഗിൻ ഡാൻസ് വീഡിയോ വൈറല്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ വിരാട് കോഹ്‌ലി നടത്തിയ നാഗിന്‍ ഡാന്‍സ് വൈറല്‍.ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് പുറത്തായതിന് പിന്നാലെ നാഗിന്‍ ഡാന്‍സുമായാണ് കോഹ്‌ലി വിക്കറ്റ്‌നേട്ടം ആഘോഷിച്ചത്.
അര്‍ഷ്ദീപ് സിങ് എറിഞ്ഞ അഞ്ചാം ഓവറിലാണ് സംഭവം. ഓവറിലെ അഞ്ചാം പന്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ ക്യാച്ചെടുത്താണ് താരം പുറത്താകുന്നത്. ഇന്ത്യന്‍ താരങ്ങളുടെ ആഘോഷ പ്രകടനങ്ങള്‍ക്കിടയില്‍ കോലിയുടെ സെലിബ്രേഷന്‍ വ്യത്യസ്തമായി.
മത്സരത്തില്‍ താരം സെഞ്ച്വറിയും നേടിയിരുന്നു. 93 പന്തില്‍ നിന്ന് 102 റണ്‍സെടുത്താണ് താരം പുറത്തായത്. ഏകദിനക്രിക്കറ്റിലെ കോലിയുടെ 53-ാമത്തെ സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 84-ാമത്തെ സെഞ്ചുറിയും ആയിരുന്നു ഇത്. റാഞ്ചിയില്‍ നടന്ന ആദ്യ ഏകദിനത്തിലും താരം സെഞ്ച്വറി നേടിയിരുന്നു.

കോഹ്‌ലിയുടെ സെഞ്ച്വറിക്കിടയിലും മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു. നാലുവിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം ആറുവിക്കറ്റ് നഷ്ടത്തില്‍ 49.2 ഓവറില്‍ പ്രോട്ടീസ് മറികടന്നു. ഇന്ത്യക്കായി വിരാടും റുതുരാജ് ഗെയ്ക്വാദും സെഞ്ചുറി നേടിയെങ്കിലും അതേനാണയത്തില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു.
ഏയ്ഡൻ മാർക്രമിന്റെ വെടിക്കെട്ട് സെഞ്ച്വറിയും ഡെവാള്‍ഡ് ബ്രെവിസ്, മാത്യു ബ്രീറ്റ്സ്കി എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.
