സ്റ്റാര്‍ക്കിന്റെ കൊടുങ്കാറ്റിലും വേരുറപ്പിച്ച് റൂട്ട്, സെഞ്ച്വറി;ബ്രിസ്‌ബേനില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍

ആഷസ് പരമ്ബരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. ഓസീസ് മണ്ണില്‍ തന്റെ കന്നി സെഞ്ച്വറി തികച്ച ജോ റൂട്ടിന്റെ മിന്നും ഇന്നിങ്സിന്റെ കരുത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്ബോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്.135 റണ്‍സെടുത്ത ജോ റൂട്ടും 32 റണ്‍സോടെ ജോഫ്ര ആര്‍ച്ചറുമാണ് ക്രീസില്‍.
അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ ആർച്ചറും റൂട്ടും ചേര്‍ന്ന് 44 പന്തില്‍ 64 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണര്‍ സാക് ക്രോളി 76 റണ്‍സടിച്ചപ്പോള്‍ ഹാരി ബ്രൂക്ക് 31 റണ്‍സെടുത്തു. ഓസ്ട്രേലിയയ്ക്ക് വേണ്ടി തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും തിളങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്ക് ആറ് വിക്കറ്റ് സ്വന്തമാക്കി.
ബ്രിസ്ബേനില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തകർച്ചയോടെയാണ് തുടങ്ങിയത്. അഞ്ച് റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ ടീമിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ബെന്‍ ഡക്കറ്റിനെയും ഒല്ലി പോപ്പിനെയും റണ്‍സൊന്നും എടുക്കാൻ അനുവദിക്കാതെ സ്റ്റാർക്ക് മടക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒരുമിച്ച സാക് ക്രോളി- ജോ റൂട്ട് സഖ്യം ഇംഗ്ലണ്ടിനെ തകർച്ചയില്‍ നിന്ന് കരകയറ്റി. അര്‍ധസെഞ്ച്വറി തികച്ച സാക് ക്രോളിയെ ടീം സ്‌കോര്‍ 122 റണ്‍സില്‍ നില്‍ക്കേ മൈക്കേല്‍ നെസർ പുറത്താക്കി. 76 റണ്‍സെടുത്താണ് ക്രോളിയുടെ മടക്കം.

പിന്നാലെയെത്തിയ ഹാരി ബ്രൂക്കിനെ കൂട്ടുപിടിച്ച് ജോ റൂട്ട് ഇംഗ്ലീഷ് സ്‌കോറുയര്‍ത്തി. 31 റണ്‍സെടുത്ത ബ്രൂക്കിനെയും സ്റ്റാര്‍ക്ക് കൂടാരം കയറ്റിയതോടെ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെന്ന നിലയിലായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇംഗ്ലീഷ് ബാറ്റർമാരെ ഓസീസ് ബോളർമാർ പവലിയനിലെത്തിച്ചു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (19), ജാമി സ്മിത്ത് (0), വില്‍ ജാക്ക്‌സ് (19), ഗസ് ആറ്റ്കിന്‍സണ്‍ (4), ബ്രൈഡന്‍ കാഴ്‌സ് (0) എന്നിവര്‍ നിരാശപ്പെടുത്തി. ഒരുഭാഗത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്ബോഴും മറുഭാഗത്ത് ജോ റൂട്ട് നിലയുറപ്പിച്ച് സ്കോറുയർത്തി.
പിന്നാലെ റൂട്ട് 182 പന്തില്‍ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. അവസാന വിക്കറ്റില്‍ ജോഫ്ര ആര്‍ച്ചറും റൂട്ടും ചേര്‍ന്ന് നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇംഗ്ലീഷ് സ്കോർ ബോർഡില്‍ 300 റണ്‍സ് കടന്നു. ഓസീസിന് വേണ്ടി സ്റ്റാർക്ക് ആറ് വിക്കറ്റെടുത്തതിന് പിന്നാലെ മൈക്കേല്‍ നെസറും സ്‌കോട്ട് ബോളണ്ടും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

