രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി; അന്വേഷണ ചുമതല ജി പൂങ്കുഴലി ഐപിഎസിന്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ അന്വേഷണ ചുമതല എസ് പി ജി പൂങ്കുഴലി ഐപിഎസിന്.ഡിവൈഎസ്പി സജീവന് തന്നെയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. പ്രത്യേക അന്വേഷണ സംഘത്തിലെ ബാക്കി അംഗങ്ങളും തുടരും. അതിജീവിതയുടെ മൊഴിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. അതിജീവിതയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ മൊഴിയെടുക്കും. ഇതിനായി നോട്ടീസ് അയച്ചിരുന്നു. മറുപടി ലഭിക്കുന്ന പക്ഷം പരാതിക്കാരിയുടെ മൊഴിയെടുക്കും.
അതേസമയം, രാഹുലിന്റെ വിഷയത്തില്‍ രാജ്യത്തെ ഒരു പാര്‍ട്ടി എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി പ്രതികരിച്ചു. ആദ്യം പരാതിക്കാരി ആര് എന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. മൂന്ന് തരത്തിലുള്ള പരാതികള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുത്തു. ആദ്യത്തെ നടപടി മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു. കോടതി വിധി വന്നയുടന്‍ കെപിസിസി പ്രസിഡന്റ് തീരുമാനമെടുത്തു.

‘പരാതി ഉണ്ടായിരുന്നിട്ടും സിപിഐഎം ചിലരെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു. പാര്‍ട്ടി അംഗമല്ലാത്ത ഒരാള്‍ എങ്ങനെ അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ മത്സരിക്കും. റിക്ടര്‍ സ്‌കെയിലില്‍ ഏഴിന് മുകളില്‍ തീവ്രതയുള്ളത് മാത്രമെ സിപിഐഎം എടുക്കുകയുള്ളൂ. പരാതികള്‍ സിപിഐഎം പോലീസിന് കൈമാറിയില്ല. പേരില്ലാത്ത ഒരു പരാതി വന്നപ്പോള്‍ പോലും കോണ്‍ഗ്രസ് ആ പരാതി ഡിജിപിക്ക് കൈമാറി. തീവ്രത അളക്കുന്ന മെഷീന്‍ എകെജി സെന്റര്‍ ഉണ്ടാക്കിവിടുന്നുണ്ടോ. അങ്ങനെയാണെങ്കില്‍ എകെജി സെന്റര്‍ ഫാക്ടറി ആക്കണം’, അബിന്‍ വര്‍ക്കി പറഞ്ഞു.
‘പത്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് എന്തുകൊണ്ട് പുറത്താക്കുന്നില്ല. സിപിഐഎം ഞങ്ങള്‍ക്ക് ധാര്‍മികതയുടെ ക്ലാസ് എടുക്കാന്‍ വരേണ്ട. രാഹുല്‍ മാങ്കൂട്ടത്തിലിനെ കേരള പൊലീസിന് വേണമെങ്കില്‍ നിമിഷനേരം കൊണ്ട് അറസ്റ്റ് ചെയ്യാം. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ വിഷയം നീട്ടിക്കൊണ്ട് പോകണം, അതാണ് ലക്ഷ്യം. ഉന്നതരിലേക്ക് ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷണം പോകണം എന്ന് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്.

കടകംപള്ളിയിലേക്ക് അന്വേഷണം പോകണം എന്നാണ് കോടതി പരോക്ഷമായി പറഞ്ഞിട്ടുള്ളത്. കോണ്‍ഗ്രസിന്റേത് എപ്പോഴും സ്ത്രീപക്ഷ നിലപാടാണ്. മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് വരെ ഒളിവില്‍ കഴിയുന്നത് സ്വാഭാവികമാണ്. പൊലീസ് ഡ്രാമ കളിക്കുന്നു. കേരളത്തിലെ പൊലീസ് കഴിവ് കെട്ട പൊലീസ് ആണോ? രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ വിധിപ്രസ്താവം വന്നതിനുശേഷം ആയിരിക്കാം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ സ്വയം തീരുമാനമെടുക്കുക.’ അബിൻ വർക്കി പറഞ്ഞു.
തങ്ങള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ട ആളായിരുന്നു, ഭരണപക്ഷത്തെ ഏറ്റവും കൂടുതല്‍ പ്രതിരോധിച്ച ചെറുപ്പക്കാരൻ ആയിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍, എന്നിട്ടും പക്വമായ ആയ തീരുമാനം പാർട്ടി എടുത്തുവെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.
മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസത്തെക്കുറിച്ചും അബിൻ വർക്കി പരാമർശിച്ചു. സർക്കാരിനെ പോലെ വെറും വാക്ക് താൻ പറയില്ല. ആറുമാസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കുമെന്ന് സർക്കാർ പറഞ്ഞു. ഒന്നര വർഷമായിട്ടും നിർമ്മാണം പൂർത്തിയായില്ലെന്നും അബിൻ വർക്കി ചൂണ്ടിക്കാട്ടി.
