‘യുഡിഎഫിന്റെ ഒരു പച്ചക്കള്ളം കൂടി പൊളിഞ്ഞു’; സഹായിച്ച രണ്ട് എംപിമാര്‍ക്കും നന്ദിയെന്ന് എം ബി രാജേഷ്

തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രചരിപ്പിച്ച ഒരു കള്ളം കൂടി പൊളിഞ്ഞ് വീണെന്ന് മന്ത്രി എം ബി രാജേഷ്.അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചാല്‍ കേരളത്തിന് അനുവദിക്കുന്ന അന്ത്യോദയ റേഷൻ മുടങ്ങുമെന്ന പ്രചരണം യുഡിഎഫ് നേതാക്കള്‍ നടത്തിയിരുന്നു. എന്നാല്‍ പാർലമെന്റില്‍ കേന്ദ്രമന്ത്രി തന്നെ ഈ ‘വിദഗ്ദ്ധ’ വാദം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കിയിരിക്കുന്നുവെന്ന് എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തെ ദ്രോഹിക്കാനുള്ള ദുഷ്ടലാക്കോടെയാണെങ്കിലും പാർലമെന്റില്‍ ചോദ്യം ചോദിച്ച് റേഷൻ മുടങ്ങുമെന്ന നുണ പൊളിക്കാൻ സഹായിച്ച സംസ്ഥാനത്തില്‍ നിന്നുള്ള രണ്ട് എംപിമാർക്ക് നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി. ‘കേരളത്തെ പ്രതിനിധീകരിക്കുന്ന, ഇവിടെയുള്ള അതിദരിദ്രരും റേഷൻ വാങ്ങുന്നവരുമെല്ലാം വോട്ട് ചെയ്തു വിജയിപ്പിച്ച എം പി മാരാണ് ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. കേരളത്തെ ദ്രോഹിക്കാനുള്ള ദുഷ്ടലാക്കോടെയാണെങ്കിലും പാർലമെന്റില്‍ ചോദ്യം ചോദിച്ച് റേഷൻ മുടങ്ങുമെന്ന നുണ പൊളിക്കാൻ സഹായിച്ച രണ്ട് എം പി മാർക്കും നന്ദി’ എന്ന് കുറിച്ചായിരുന്നു എം ബി രാജേഷിൻ്റെ പ്രതികരണം.

എംവി രാജേഷിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ
ഒരു പച്ചക്കള്ളം കൂടി പൊളിഞ്ഞിരിക്കുന്നു

കേരളത്തിലെ യുഡിഎഫ്- ബിജെപി അച്ചുതണ്ടും അവരുടെ വക്താക്കളായ ഒരു കൂട്ടം വിദഗ്ദ്ധരും പറഞ്ഞുകൊണ്ടിരുന്ന പച്ചക്കള്ളമാണ് പാർലമെന്റില്‍ പൊളിഞ്ഞുവീണിരിക്കുന്നത്. കേരളത്തിന്റെ മഹത്തായ നേട്ടത്തെ ഇകഴ്ത്തിക്കാണിക്കാൻ ഈ വിഭാഗം ഉയർത്തിയ വാദമായിരുന്നു, അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചാല്‍ അന്ത്യോദയ റേഷൻ മുടങ്ങുമെന്നത്. പാർലമെന്റില്‍ കേന്ദ്രമന്ത്രി തന്നെ ഈ ‘വിദഗ്ദ്ധ’ വാദം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. ഈ വാദത്തിലെ മണ്ടത്തരം അന്നുതന്നെ ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. അത് വിശ്വാസം വരാത്ത യുഡിഎഫ്- ബിജെപി കൂട്ടുകെട്ടിനും അവരുടെ വക്താക്കളായ ആ വിദഗ്ധന്മാർക്കും ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാവും.
ട്രൂ കോപ്പി തിങ്കിന് നവംബർ 7 നു നല്കിയ ഇന്റർവ്യൂവില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഞാൻ നല്കിയ ഉത്തരം ഇങ്ങനെയാണ്.
‘AAY എന്നത് ഏതെങ്കിലും ശാസ്ത്രീയ പഠനത്തിന്റെയോ മാനദണ്ഡങ്ങളുടെയോ അടിസ്ഥാനത്തിലുള്ള അതിദാരിദ്ര്യം നിർണയിക്കാനുള്ള ഒരു പദ്ധതിയല്ല. പൊതുവിതരണസമ്ബ്രദായത്തെ പരിമിതപ്പെടുത്താനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച വിഭജനത്തിന്റെ ഭാഗം മാത്രമാണത്. ദേശീയതലത്തില്‍ കുറഞ്ഞ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണം ചുരുക്കാനായി മാത്രം ഉണ്ടാക്കിയ പട്ടികയാണത്. നിശ്ചിത എണ്ണം ആള്‍ക്കാർക്ക് റേഷൻ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുന്നതിനായി ദാരിദ്ര്യരേഖ പട്ടികയില്‍ ഏറ്റവും പുറകില്‍ നിന്ന് മുന്നോട്ട് എന്ന രീതിയിലാണ് അന്ത്യോദയ അന്നയോജന പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. അർഹതപ്പെട്ട എല്ലാവർക്കും എന്നല്ല, ഏറ്റവും പുറകിലുള്ള ഇത്ര പേർക്ക് എന്നതാണ് അതിന്റെ സമീപനം. റേഷൻ ആവശ്യത്തിന് മാത്രമുള്ള AAY പട്ടികയെ സമഗ്രവും സങ്കീർണവുമായ മാനദണ്ഡങ്ങളിലൂടെ നടത്തിയ അതിദാരിദ്ര്യ നിർണയവുമായി താരതമ്യപ്പെടുത്തുന്നതുതന്നെ അശാസ്ത്രീയമാണ്. AAY പട്ടികയില്‍ പോലും ഉള്‍പ്പെടാത്ത, റേഷൻകാർഡ് പോലും ഇല്ലാത്ത ആള്ക്കാർ അതിദാരിദ്ര്യ കുടുംബ പട്ടികയിലുണ്ട്.’
അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയും അന്ത്യോദയ റേഷനും തമ്മില്‍ ബന്ധമില്ല എന്നാണ് കേന്ദ്രമന്ത്രി ഇന്നലെ പാർലമെന്റില്‍ കൊടുത്ത മറുപടിയിലും വ്യക്തമാക്കുന്നത്.
എന്തായിരുന്നു ഇനി പാർലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ എന്നുനോക്കാം. കേരളത്തിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം കേന്ദ്രം അറിഞ്ഞിരുന്നോ, പ്രഖ്യാപനത്തെ തുടർന്ന് AAY കാർഡുകള്‍ റദ്ദാക്കുമോ, പ്രഖ്യാപനത്തെ തുടർന്ന് കേരളത്തിനുള്ള ഭക്ഷ്യവിഹിതം വെട്ടിക്കുറയ്ക്കുമോ, പ്രഖ്യാപനം വഴി കേരളത്തിന് വിദേശ സാമ്ബത്തിക ഏജൻസികള്‍ വഴി വായ്പ എടുക്കാനാവുമോ തുടങ്ങി നീളുന്നു ചോദ്യങ്ങള്‍. കേരളത്തോടും മലയാളികളോട് കടുത്ത ശത്രുതയുള്ള, നമ്മളെ ദ്രോഹിക്കാൻ തുനിഞ്ഞിറങ്ങിയ ഏതോ ആളുകളുടെ ചോദ്യമാണെന്ന് തോന്നിയില്ലേ? കേരളത്തെ പ്രതിനിധീകരിക്കുന്ന, ഇവിടെയുള്ള അതിദരിദ്രരും റേഷൻ വാങ്ങുന്നവരുമെല്ലാം വോട്ട് ചെയ്തു വിജയിപ്പിച്ച എം പി മാരാണ് ഈചോദ്യങ്ങള്‍ ഉന്നയിച്ചത്. കേരളത്തെ ദ്രോഹിക്കാനുള്ള ദുഷ്ടലാക്കോടെയാണെങ്കിലും പാർലമെന്റില്‍ ചോദ്യം ചോദിച്ച് റേഷൻ മുടങ്ങുമെന്ന നുണ പൊളിക്കാൻ സഹായിച്ച രണ്ട് എം പി മാർക്കും നന്ദി.
എന്തായാലും ഈ പച്ചക്കള്ളവും അല്‍പ്പായുസായി ഒടുങ്ങിരിക്കുകയാണ്. നിങ്ങള്‍ക്ക് ഇനി എന്ത് പറയാനുണ്ട്?
