തീയറ്ററുകളിലെ CCTV ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍; കണ്ടവനും കുടുങ്ങും, ഐപി അഡ്രസ് കണ്ടെത്തി പൊലീസ്

തിരുവനന്തപുരം: സിനിമാ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി സൈബർ പൊലീസ്.സിസിടിവി ഹാക്ക് ചെയ്ത് ദൃശ്യങ്ങള്‍ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തതിന് ശേഷം ലിങ്കുകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
പണം നല്‍കി കാണാൻ കഴിയും വിധമാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ വില്പനയ്ക്ക് എത്തിച്ചവരുടെയും പണം നല്‍കി ഇതു വാങ്ങി കണ്ടവരുടെയും ഐപി അഡ്രസുകള്‍ സൈബർ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ കൂടുതല്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കർശന നിർദേശങ്ങള്‍ ചലചിത്ര വികസന കോർപ്പറേഷൻ തിയറ്റർ ഓപ്പറേറ്റർമാർക്ക് കൈമാറി.
സംസ്ഥാന സർക്കാരിന്റെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം അശ്ലീല സൈറ്റില്‍ പ്രചരിച്ചത്. തീയറ്ററുകളുടെ പേരുകള്‍ പറഞ്ഞായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചക്കപ്പെട്ടത്. ക്ലൗഡില്‍ നിന്നും സിസിടിവിയുടെ യൂസർ ഐഡിയും പാസ്വേർഡും ഉപയോഗിച്ച് ഹാക്ക് ചെയ്തായിരുന്നു ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തത്.

