കന്നി സെഞ്ച്വറിയുമായി ജയ്‌സ്വാള്‍; മൂന്നാം ഏകദിനത്തില്‍ പ്രോട്ടീസിനെ തോല്‍പ്പിച്ച് ഇന്ത്യ

മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ. ഇതോടെ ഏകദിന പരമ്ബരയും ഇന്ത്യ സ്വന്തമാക്കി. ഒമ്ബത് വിക്കറ്റിന്റെ മിന്നും വിജയമാണ് ഇന്ത്യ നേടിയത്.ദക്ഷിണാഫ്രിക്ക ഉയർത്തിയ 271 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 39 .5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.
121 പന്തില്‍ രണ്ട് സിക്‌സറും പന്ത്രണ്ട് ഫോറുകളും അടക്കം 116 റണ്‍സുമെടുത്ത ജയ്‌സ്വാളാണ് ടോപ് സ്‌കോറർ. താരത്തിന്റെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്.
45 പന്തില്‍ മൂന്ന് സിക്‌സറും ആറ് ഫോറുകളും അടക്കം 65 റണ്‍സുമായി വിരാട് കോഹ്‌ലിയും തിളങ്ങി. 75 റണ്‍സെടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തെ വമ്ബൻ ടോട്ടലിലേക്ക് കുതിക്കുകയായിരുന്ന പ്രോട്ടീസിനെ അവസാന ഓവറുകളില്‍ ഇന്ത്യ തളച്ചിടുകയായിരുന്നു. അവസാന 36 റണ്‍സിനിടെ അഞ്ച് വിക്കറ്റാണ് ഇന്ത്യ വീഴ്ത്തിയത്. ഒരു ഘട്ടത്തില്‍ 38 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് എന്ന നിലയിലായിരുന്നു. കുല്‍ദീപ് യാദവും പ്രസിദ് കൃഷ്‍ണയും നാല് വിക്കറ്റ് വീതം വീഴ്ത്തി.

ദക്ഷിണാഫ്രിക്കൻ നിരയില്‍ ഡീ കോക്ക് സെഞ്ച്വറി നേടി. 89 പന്തില്‍ ആറ് സിക്സറുകളും എട്ട് ഫോറുകളും അടക്കം 106 റണ്‍സാണ് താരം നേടിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.
ക്യാപ്റ്റൻ ടെംബ ബാവുമ 67 പന്തില്‍ അഞ്ചുഫോറുകളും അടക്കം 48 റണ്‍സ് നേടി. മാത്യു ബ്രീറ്റ്സ്കി 24 റണ്‍സും ഡെവാള്‍ഡ് ബ്രവിസ് 29 റണ്‍സും കേശവ് മഹാരാജ് 20 റണ്‍സും നേടി.
