‘കൊച്ചി കോർപ്പറേഷനിൽ UDFന് ചരിത്ര വിജയമുണ്ടാകും; കോൺഗ്രസ്-BJP ഡീലെന്നത് CPIMന്റെ തരംതാഴ്ന്ന ആരോപണം’; മുഹമ്മദ് ഷിയാസ്

കൊച്ചി കോർപ്പറേഷനിൽ കോൺഗ്രസ് -ബിജെപി ഡീലെന്നത് സിപിഐഎമ്മിന്റെ തരംതാഴ്ന്ന ആരോപണമെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. സിപിഐഎം ആരോപണം പരാജയഭീതി മൂലം. ബിജെപിയുടെ വോട്ട് വാങ്ങുന്ന ഒരു നിലപാടും യുഡിഎഫിന് ഇല്ല. ചരിത്ര വിജയമുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് യുഡിഎഫെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

നഗരത്തിൽ ബിജെപിയെ സഹായിച്ച പാർട്ടി സിപിഐഎമ്മാണെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. കോർപ്പറേഷൻ ഭരണ സമിതിയാണ് സ്റ്റാൻഡിങ് കമ്മിറ്റി ബിജെപിക്ക് നൽകിയത്. അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയത് സിപിഐഎമ്മാണെന്ന് അദേഹം കുറ്റപ്പെടുത്തി. സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് പിന്നാലെ കടമക്കുടി ഡിവിഷനിൽ യുഡിഎഫ് വോട്ട് ബഹിഷ്കരിക്കുമെന്ന് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. പത്രിക തള്ളിയത് ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചത് മൂലമാണെന്നും ഉദ്യോഗസ്ഥരെ മുൻനിർത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും മുഹമ്മദ് ഷിയാസ് കൂട്ടിച്ചേർത്തു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നാ ഘട്ട പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശത്തിലേക്ക് നീങ്ങുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ് മറ്റന്നാൾ പോളിങ്ങ് ബൂത്തിലെത്തുക. നാടിന്റെ മുക്കിലും മൂലയിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ എത്തിച്ച 20 ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് ഇന്ന് വൈകുന്നേരം തിരശീല വീഴുന്നത്.

