‘തോല്‍വിയില്‍ കുറ്റക്കാരനാക്കുന്നു, പരിശീലകനുമായി ഒരു ബന്ധവുമില്ല’; പൊട്ടിത്തെറിച്ച് സലാ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ ടീമിലും അസ്വാരസ്യങ്ങള്‍. ലിവര്‍പൂള്‍ കോച്ച് ആര്‍നെ സ്ലോട്ടിനെതിരെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.തുടര്‍ച്ചയായ മൂന്ന് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ കോച്ച് തന്നെ ബെഞ്ചിലിരുത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് സലാ. ടീമിന്റെ തുടര്‍ച്ചയായ പരാജയങ്ങളില്‍ തന്നെ ബലിയാടാക്കുകയാണെന്നും കോച്ചുമായി യാതൊരു ബന്ധവും ഇപ്പോള്‍ തനിക്കില്ലെന്നും സലാ വ്യക്തമാക്കി.
ലീഡ്സിനെതിരായ പ്രീമിയർ ലീഗ് മത്സരത്തില്‍ ലിവർപൂള്‍ സമനില വഴങ്ങിയതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സലാ കോച്ചിനെതിരെ തുറന്നടിച്ചത്. ‘എന്നില്‍ എല്ലാ പഴിയും ചാരാൻ ആരോ ശ്രമിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കോച്ചുമായി നല്ല സൗഹൃദമാണെന്ന് ഞാൻ നേരത്തെ പലതവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പെട്ടെന്ന് ഞങ്ങള്‍ക്കിടയില്‍ ഒരു ബന്ധവും ഇല്ല. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എന്നെ ക്ലബ്ബില്‍ നിന്ന് ഒഴിവാക്കാൻ ആരോ ആഗ്രഹിക്കുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ക്ലബില്‍ നിന്നും ഞാൻ വലിച്ചെറിയപ്പെട്ടിരിക്കുകയാണ്. എന്നാണ് എനിക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നത്. എല്ലാ കുറ്റവും എനിക്കുമേല്‍ ചുമത്താൻ ആരോ ആഗ്രഹിക്കുന്നുണ്ട്’, സലാ പറഞ്ഞു.
‘മത്സരത്തിന്റെ 90 മിനിറ്റും ഞാൻ ബെഞ്ചില്‍ ഇരിക്കുകയാണെന്ന് എനിക്ക് വിശ്വസിക്കാൻ പോലുമാവുന്നില്ല. എന്റെ കരിയറില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഞാൻ തീർത്തും നിരാശനാണ്. എന്തുകൊണ്ടെന്ന് അറിയില്ല. ഈ ക്ലബ് എന്റെ എല്ലാമായിരുന്നു. എല്ലാത്തിനുമുപരി ഞാൻ ഈ ക്ലബിനെ സ്നേഹിച്ചു. അത് എല്ലാക്കാലവും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. എന്നാല്‍ നിലവിലെ സാഹചര്യം എനിക്ക് ഉള്‍കൊള്ളാനാവില്ല.എല്ലാ മത്സരത്തിലും അവസരത്തിന് വേണ്ടി പോരാടി വരേണ്ടത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ടീമിലെ എന്റെ സ്ഥാനം ഞാന്‍ കളിച്ച് നേടിയെടുത്തതാണ്’, സലാ കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാത്രിയില്‍ ലീഡ്സിനെതിരെ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിലും ബെഞ്ചിലായിരുന്നു സലായുടെ സ്ഥാനം. ലീഗില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ലിവർപൂള്‍ വൻ തോല്‍വി വഴങ്ങിയതിന് പിന്നാലെ നവംബർ 30ന് വെസ്റ്റ്ഹാം യുനൈറ്റഡിനെതിരായ മത്സരത്തിലാണ് മുഹമ്മദ് സലായെ കോച്ച് ആർനെ സ്ലോട്ട് ആദ്യമായി പുറത്തിരുത്തിയത്. മത്സരത്തില്‍ 2-0ത്തിന് ലിവർപൂള്‍ ജയിച്ചത് കോച്ചിന് ആത്മവിശ്വാസമായി. പിന്നീട് സണ്ടർലൻഡിനും, ശനിയാഴ്ച ലീഡ്സിനും എതിരായ മത്സരങ്ങളിലും സലായെ ബെഞ്ചില്‍ ഇരുത്തുന്നത് തുടർന്നു. ഈ രണ്ട് മത്സരങ്ങളിലും 1-1, 3-3 സ്കോറുകള്‍ക്ക് ലിവർപൂള്‍ സമനില വഴങ്ങുകയായിരുന്നു.

