നടിയെ ആക്രമിച്ച കേസിൽ ആദ്യ പ്രതികരണവുമായി AMMA; ‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു’

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് താരസംഘടനായ അമ്മ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു എന്നാണ് പ്രതികരിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷം മോഹൻലാൽ പ്രസിഡന്റായ നേതൃത്വത്തിൽ ദിലീപിനെ തിരിച്ചെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, സംഭവം കൂടുതൽ വിവാദമായതോടെ അമ്മയിലേക്ക് ഇല്ലെന്നും ദിലീപ് പ്രതികരിച്ചിരുന്നു. കേസിൽ 8-ാം പ്രതിയായിരുന്നു ദിലീപ്.

അതേ സമയം, കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷാ വിധിയിൽ ഡിസംബര്‍ 12ന് വാദം നടക്കും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.
