‘സഞ്ജുവിന് വേണ്ടത്ര അവസരങ്ങള്‍ നല്‍കിയതാണ്’; ടീമിലെ സ്ഥാനത്തെ കുറിച്ച് സൂര്യകുമാര്‍ യാദവ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്ബരയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ ബാറ്റിങ് നിരയെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് മറുപടി നല്‍കി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷനെ കുറിച്ചും ക്യാപ്റ്റന്‍ സൂര്യ സംസാരിച്ചു. പരിക്കില്‍ നിന്ന് മോചിതനായി ശുഭ്മന്‍ ഗില്‍ തിരിച്ചെത്തിയതോടെ ഓപ്പണിങ് പൊസിഷന്‍ സഞ്ജുവിന് നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍.

സഞ്ജു സാംസണ്‍ ഓപ്പണർ റോളിലേക്ക് തിരിച്ചെത്തില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ സൂര്യകുമാർ യാദവ് ശുഭ്മൻ ഗില്‍ ഓപ്പണർ റോളില്‍ കളിക്കുമെന്നും വ്യക്തമാക്കി. ട്വന്റി 20 ഫോർമാറ്റില്‍ മൂന്ന് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്നവർക്ക് നിശ്ചിത സ്ഥാനമില്ലെന്നും ബാറ്റിംഗ് പൊസിഷനുകളില്‍ കളിക്കാർ ഫ്ലെക്‌സിബിള്‍ ആയിരിക്കണമെന്നും സൂര്യകുമാർ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാളെ ആരംഭിക്കുന്ന ടി20 പരമ്ബരയ്ക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളത്തിലായിരുന്നു സൂര്യയുടെ പ്രതികരണം.
‘ആദ്യം സഞ്ജു ടീമില്‍ എത്തിയപ്പോള്‍ ടോപ്പ് ഓർഡറിലായിരുന്നു ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഓപ്പണർമാരല്ലാത്ത എല്ലാ താരങ്ങളും ഏത് പൊസിഷനിലും കളിക്കാൻ തയ്യാറായിരിക്കണം. ഓപ്പണിംഗ് സ്ഥാനത്ത് സഞ്ജു നന്നായി കളിച്ചിരുന്നു. പക്ഷേ ശ്രീലങ്കയുമായുള്ള പരമ്ബരയില്‍ സഞ്ജുവിന് മുമ്ബ് ടോപ്പ് ഓർഡറില്‍ കളിച്ചിരുന്നത് ഗില്‍ ആയിരുന്നു. അതുകൊണ്ട് ഓപ്പണിംഗ് സ്ഥാനം ഗില്ലിന് അർഹതപ്പെട്ടതാണ്’, സൂര്യകുമാർ വ്യക്തമാക്കി.’സഞ്ജുവിന് ഞങ്ങള്‍ മതിയായ അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏത് നമ്ബറില്‍ ബാറ്റ് ചെയ്യാനും അദ്ദേഹം തയ്യാറാണ്. ഏത് പൊസിഷനിലും സാഹചര്യത്തിനനുരിച്ച് മൂന്നാം സ്ഥാനം മുതല്‍ ആറാം സ്ഥാനം വരെ ബാറ്റ് ചെയ്യാൻ സഞ്ജുവിന് കഴിയുമെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ഗില്ലും സഞ്ജുവും ടീമിന്റെ അവിഭാജ്യഘടകങ്ങളാണ്. ഒരാള്‍ ഓപ്പണർ ആകുമ്ബോള്‍ മറ്റൊരാള്‍ക്ക് ലോവർ ഓഡറില്‍ കളിക്കാം. അല്ലെങ്കില്‍ ഇരുവർക്കും ഏത് റോളുകളും ഏറ്റെടുക്കാം. അതുകൊണ്ട് തന്നെ ടീമിനു രണ്ടു പേരും മുതല്‍കൂട്ടാണ്’, സൂര്യകുമാർ കൂട്ടിച്ചേർത്തു.

