അഭ്യൂഹങ്ങളും വിവാദങ്ങളും അവസാനിച്ചു; പരിശീലനം പുനഃരാരംഭിച്ച് സ്മൃതി മന്ദാന, ചിത്രം പങ്കുവെച്ച് സഹോദരന്‍

പലാഷ് മുച്ചലുമായുള്ള വിവാഹം റദ്ദാക്കിയതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന.കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്. പിന്നാലെ സംഗീതസംവിധായകനായ പലാഷും സ്മൃതിയുമായുള്ള ബന്ധവും വിവാഹവും ഉപേക്ഷിച്ചതായി സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ സ്മൃതി മന്ദാനയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വിവാഹം റദ്ദാക്കിയെന്ന് സ്ഥിരീകരിച്ചതിന് ഒരു ദിവസത്തിന് ശേഷം സ്മൃതി മന്ദാന പരിശീലനം പുനഃരാരംഭിച്ചിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നെറ്റ്സില്‍ പരിശീലന ജേഴ്‌സിയും പാഡും ധരിച്ച് ബാറ്റ് ചെയ്യുന്ന ചിത്രം സ്മൃതിയുടെ സഹോദരൻ ശ്രാവണ്‍ മന്ദാന തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഹൃദയത്തിന്റെ ഇമോജികള്‍ക്കൊപ്പം ശ്രാവണ്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇത്ര പ്രയാസമേറിയ സമയത്തും കളിക്കളത്തിലേയ്ക്ക് തിരിച്ചെത്തിയതില്‍ സ്മൃതിയുടെ സമർപ്പണത്തെ പ്രശംസിച്ച് ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്.
നീണ്ട കാലത്തെ മൗനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹം ഉപേക്ഷിച്ചതായി അറിയിച്ചത്. ഈ വിഷയം ഇവിടെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും രണ്ട് കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി മന്ദാന ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
രാജ്യത്തെ പ്രതിനിധാനം ചെയ്യുകയും കൂടുതല്‍ ട്രോഫികള്‍ സ്വന്തമാക്കുകയുമാണ് ലക്ഷ്യമെന്നുമാണ് മന്ദാന പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ താരം മുന്നോട്ട് പോകാന്‍ സമയമായെന്നും കുറിച്ചിട്ടുവിവാഹം റദ്ദാക്കിയെന്ന് സ്മൃതി മന്ദാന സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിച്ചതിവ് പിന്നാലെ പലാഷും പ്രതികരണവുമായി എത്തുകയായിരുന്നു. വ്യക്തിപരമായ ബന്ധങ്ങളില്‍ നിന്ന് പിന്മാറാനും ജീവിതത്തില്‍ മുന്നോട്ടുപോകാനും തീരുമാനിച്ചതായി പലാഷ് പറഞ്ഞു.

വിവാഹദിനം തന്നെ സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയ്‌ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതുമൂലമാണ് വിവാഹം മാറ്റിവച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളെങ്കിലും പിന്നാലെ സ്മൃതിയെ പലാഷ് വഞ്ചിച്ചതാണ് കാരണമെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നു. പലാഷുമായുള്ള സ്വകാര്യ ചാറ്റുകള്‍ മേരി ഡി കോസ്റ്റ എന്ന യുവതി പുറത്തുവിട്ടത് അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടി.
വിവാഹം മാറ്റിവച്ചതിന് പിന്നാലെ പലാഷുമൊത്തുള്ള വീഡിയോകള്‍ സ്മൃതി സോഷ്യല്‍ മീഡിയയില്‍ നിന്നു നീക്കം ചെയ്തിരുന്നു. ഇതിനു പുറമേയാണ് പലാഷിന്റേതെന്ന പേരില്‍ ചില ചാറ്റുകളും സ്ക്രീൻഷോട്ടുകളും പ്രചരിച്ചത്. പുതുക്കിയ വിവാഹതീയതിയെ കുറിച്ച് ഇരുകുടുംബങ്ങളും പ്രതികരിക്കാതെ കൂടി വന്നതോടെ സ്മൃതിയും പലാഷും തമ്മിലുള്ള വിവാഹം ഒരിക്കലും നടക്കില്ലെന്നും അഭ്യൂഹങ്ങളുയർന്നിരുന്നു.
