ഇൻഡിഗോയ്‌ക്കെതിരായ നടപടി എയര്‍ലൈനുകള്‍ക്ക് ഒരു മുന്നറിയിപ്പായിരിക്കും; കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന സൂചന നല്‍കി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു.ഇൻഡിഗോയ്ക്കെതിരെ തങ്ങള്‍ എടുക്കുന്ന നടപടി മറ്റ് എയർലൈനുകള്‍ക്കെല്ലാം ഒരു മുന്നറിയിപ്പായിരിക്കുമെന്ന് മന്ത്രി പാർലമെന്റില്‍ പറഞ്ഞു.
രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ‘ഞങ്ങള്‍ക്ക് പൈലറ്റുമാർ, ക്ര്യൂ, യാത്രക്കാർ എന്നിവരെ മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ട്. എല്ലാ എയർലൈനുകളോടും ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. ഇൻഡിഗോ ക്ര്യൂ റോസ്‌റ്റർ ശരിക്കും മാനേജ് ചെയ്യേണ്ടതായിരുന്നു. യാത്രക്കാർ വലഞ്ഞു. ഈ സാഹചര്യത്തെ ഞങ്ങള്‍ ചെറുതായി കാണുന്നില്ല. കർശനമായ നടപടി എടുക്കും. എല്ലാ എയർലൈനുകള്‍ക്കും ഒരു മുന്നറിയിപ്പായിരിക്കും ആ നടപടി’; എന്നാണ് മന്ത്രി പറഞ്ഞത്. എയർലൈനിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം ഇൻഡിഗോയുടെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഇന്ന് വിശദീകരണം നല്‍കിയത്.

രാജ്യത്ത് ഇനിയും വിമാനകമ്ബനികള്‍ വേണമെന്നും അതിനുള്ള സാധ്യത നമുക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയാണ് ചെയ്തത്.
അതേസമയം, നിരവധി യാത്രക്കാരെ ബാധിച്ച വിമാന യാത്രാ പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോ റീഫണ്ടായി തിരിച്ചുനല്‍കിയത് വലിയ തുകയെന്നാണ് റിപ്പോർട്ടുകള്‍. രണ്ടാഴ്ച കൊണ്ട് ഇൻഡിഗോ യാത്രക്കാർക്ക് തിരിച്ചുനല്‍കിയത് 827 കോടി രൂപയാണെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

നവംബർ 21 മുതല്‍ ഡിസംബർ ഏഴ് വരെയുള്ള കാലയളവിലെ ടിക്കറ്റ് തുകയാണ് ഇൻഡിഗോ റീഫണ്ട് ചെയ്തത്. 9,55,591 ടിക്കറ്റുകളാണ് ഇക്കാലയളവില്‍ റദ്ദാക്കപ്പെട്ടത്. ഇതില്‍ ഡിസംബർ ഒന്ന് മുതല്‍ ഏഴ് വരെയുള്ള തീയതികളില്‍ മാത്രം റദ്ദാക്കപ്പെട്ടത് 569 കോടി രൂപയുടെ ടിക്കറ്റുകളാണ്. ഇവയുടെ പണമെല്ലാം ഇൻഡിഗോ യാത്രക്കാർക്ക് തിരിച്ചുനല്‍കി. ഇവയ്ക്ക് പുറമെ മൊത്തം ബാഗേജുകളുടെ പകുതിയും ഇൻഡിഗോ തിരിച്ചുനല്‍കി. 9,000 ബാഗേജുകളില്‍ 4,500 ബാഗേജുകളാണ് ഇൻഡിഗോ യാത്രക്കാർക്ക് നല്‍കിയത്. ബാക്കിയുള്ളവ 36 മണിക്കൂറിനുള്ളില്‍ യാത്രക്കാർക്ക് തിരിച്ചുനല്‍കുമെന്നാണ് ഇൻഡിഗോ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച വ്യവസ്ഥ മൂലം വലിയ പ്രതിസന്ധിയാണ് ഇൻഡിഗോ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടത്. നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ആഴ്ചയില്‍ മാത്രം റദ്ദാക്കപ്പെട്ടത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നിരവധി യാത്രക്കാർ എയർപോർട്ടില്‍ കുടുങ്ങുകയും പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഈ വ്യവസ്ഥ ഡിജിസിഎ തത്കാലത്തേക്ക് പിൻവലിച്ചിരുന്നു.
