പുതിയ 152 പാര്‍ക്കുകള്‍, 33 കിലോ മീറ്ററില്‍ സൈക്കിള്‍ പാത; വലിയ മാറ്റത്തിനൊരുങ്ങി ദുബായ്

പുതിയതും വ്യത്യസ്തവുമായ നഗരാസൂത്രണ പദ്ധതിയുമായി ദുബായ്. രണ്ട് പ്രധാന താമസമേഖലകളില്‍ 152 പാർക്കുകള്‍ നിർമിക്കുന്നതാണ് പദ്ധതിയിലെ പ്രധാന പ്രവർത്തനം.ഇതോടെ കാല്‍നടയായി 150 മീറ്ററിനുള്ളില്‍ തന്നെ യുഎഇ നിവാസികള്‍ക്ക് ഹരിതാഭമായ സ്ഥലങ്ങള്‍ കണ്ടെത്താനാകും. ഈ പാർക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കപ്പെടുന്ന സെൻട്രല്‍ പാർക്കുകളും നിർമിക്കും.
പാർക്കുകള്‍ക്ക് പുറമെ 33 കിലോ മീറ്റർ ദൈർഘ്യത്തില്‍ സൈക്കിള്‍ പാതകളും കൂട്ടിച്ചേർക്കപ്പെടും. സമൂഹത്തിന് ഒത്തുചേരാൻ കഴിയുന്ന സ്ഥലങ്ങള്‍, വിവാഹ ഹാളുകള്‍ എന്നിവയുടെ നിർമാണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 കിലോമീറ്റർ നീളമുള്ള നടപ്പാതയാണ് പദ്ധതിയിലെ മറ്റൊരു പ്രത്യേകത.

ദുബായ് നഗരം 20 മിനിറ്റിനുള്ളില്‍ സഞ്ചരിക്കാൻ കഴിയുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ പുതുതായി വരുന്ന പാർക്കുകള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടുത്തുകയും ചെയ്യും. അതിനാല്‍ ഒരു പാർക്കില്‍ നിന്ന് മറ്റൊരു പാർക്കിലേക്ക് സഞ്ചാരം എളുപ്പമാക്കും. ഉദാഹരണമായി നടപ്പാതകളിലൂടെയും സൈക്കിള്‍ പാതകളിലൂടെയും പരസ്പരം ബന്ധിപ്പിച്ച 77 പാർക്കുകളിലേക്ക് പ്രവേശിക്കാൻ കഴിയും.
ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം തിങ്കളാഴ്ച എമിറേറ്റ്സ് ടവേഴ്സില്‍ നടന്ന എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ പുതിയ നഗരാസൂത്രണ പദ്ധതിയുടെ മാതൃകയ്ക്ക് അംഗീകാരം നല്‍കി.

