‘മനുഷ്യനല്ലേ,ഓരോ സാഹചര്യത്തില്‍ പറഞ്ഞതാകാം’;ദിലീപിനെ പിന്തുണച്ച അടൂര്‍പ്രകാശിന്റെ പരാമര്‍ശത്തില്‍ കുഞ്ഞാലിക്കുട്ടി

മലപ്പുറം: നടിയെ ആക്രമിച്ച കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.വിഷയത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് വിവാദമാക്കേണ്ടതില്ലെന്നും അതിജീവിതയ്ക്ക് ഒപ്പമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അടൂര്‍ പ്രകാശ് തന്റെ പരാമര്‍ശം നിഷേധിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘അടൂര്‍ പ്രകാശ് നിഷേധിച്ചു. വിഷമം അനുഭവിച്ചവര്‍ക്ക് നീതി ലഭിക്കണം. ഇവിടെ ഇരയാണ് വിഷമം അനുഭവിച്ചത്. അവര്‍ക്ക് നീതി ലഭിക്കണം. പൊതുവേ എല്ലാവരും അംഗീകരിച്ച നിലപാടാണിത്. അടൂര്‍ പ്രകാശ് പറഞ്ഞതിനെ കോണ്‍ഗ്രസ് തിരുത്തി. ഇനി അത് വിവാദമാക്കേണ്ടതില്ല. മനുഷ്യന്‍ അല്ലെ ഓരോ സാഹചര്യത്തില്‍ പറഞ്ഞതാകാം’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എല്ലാ വിവാദങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ആകുമെന്നും അതില്‍ പ്രധാനപ്പെട്ടത് ശബരിമലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ നടന്നത് നിര്‍ഭാഗ്യകരമായ ഒന്നാണെന്നും മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പായ ഇന്നലെയായിരുന്നു ദിലീപിനെ പിന്തുണക്കുന്ന രീതിയില്‍ അടൂര്‍ പ്രകാശ് പരാമര്‍ശം നടത്തിയത്.
ദിലീപിന് നീതി ലഭ്യമായെന്നും കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് മറ്റ് ജോലിയില്ലാത്തതിനാലാണ് എന്നുമാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ വലിയ രീതിയില്‍ എതിര്‍പ്പ് വന്നതിന് പിന്നാലെ അടൂര്‍ പ്രകാശ് പരാമര്‍ശം തിരുത്തി രംഗത്തെത്തിയിരുന്നു. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്നും ചില ഭാഗങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തതെന്നുമായിരുന്നു അടൂര്‍ പ്രകാശ് പിന്നീട് നടത്തിയ വാദം.

