‘സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് ചിത്രപ്രിയ അല്ല’; പൊലിസിനെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ

മലയാറ്റൂർ ചിത്രപ്രിയ കൊലപാതകത്തിൽ പൊലീസിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കൾ. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് ചിത്രപ്രിയ അല്ലെന്നാണ് ബന്ധു ശരത് ലാൽ പറയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നു. പൊലീസ് പറഞ്ഞ പല കാര്യങ്ങളിലും കളവുണ്ടെന്നും ശരത് ലാൽ പറയുന്നു.

അതേസമയം, പ്രതി അലനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. മലയാറ്റൂരിലെ 19 വയസുകാരി ചിത്രപ്രിയയെ ആണ്‍ സുഹൃത്ത് അലന്‍ തലക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് മുന്‍പ് ഇരുവര്‍ക്കുമിടയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു.
ചിത്രപ്രിയയുടെ മരണകാരണം തലക്കേറ്റ ഗുരുതര പരുക്കെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയിൽ ഒന്നിൽ കൂടുതൽ തവണ അടിയേറ്റ മുറിവുകൾ ഏറ്റിട്ടുണ്ട്, ഭാരമുള്ള കല്ല് ഉപയോഗിച്ചാണ് അലൻ ചിത്രപ്രിയയുടെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചത് വയറിലടക്കം പരുക്കുണ്ടായി.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ചിത്രപ്രിയയെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് വീട്ടുകാർ കാലടി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
