Fincat

‘ആര്‍എസ്‌എസ് ജഡ്ജിയെ ഇംപീച്ച്‌ ചെയ്യണം’: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെതിരെ പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്താൻ കാരണം


ചെന്നൈ: മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആര്‍ സ്വാമിനാഥനെ ഇംപീച്ച്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് നോട്ടീസ് നല്‍കിയത്.ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തില്‍ പ്രിയങ്കാ ഗാന്ധിയും അഖിലേഷ് യാദവുമുള്‍പ്പെടെ 107 എംപിമാര്‍ ഒപ്പിട്ടാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ജഡ്ജിയാണ് ജി ആര്‍ സ്വാമിനാഥന്‍. മധുരയില്‍ ഹിന്ദു, മുസ്ലിം വിശ്വാസികള്‍ ഒരുപോലെ പുണ്യസ്ഥലമായി കരുതുന്ന തിരുപരംകുണ്ട്രം മലയുടെ മുകളില്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്കടുത്തുളള ദീപത്തൂണില്‍ തൃക്കാര്‍ത്തിക ദിവസം ദീപം തെളിയിക്കാന്‍ ജി ആര്‍ സ്വാമിനാഥന്റെ ബെഞ്ച് അനുമതി നല്‍കിയിരുന്നു. ജി ആര്‍ സ്വാമിനാഥന്‍ പക്ഷപാതപരമായും ഭരണഘടനാ വിരുദ്ധമായും പ്രവര്‍ത്തിക്കുന്ന ആളാണെന്നാണ് എംപിമാര്‍ പരാതിയില്‍ ആരോപിക്കുന്നത്.

കാര്‍ത്തിക ദീപം തെളിയിക്കല്‍ വിവാദം ലോക്സഭയില്‍ ചര്‍ച്ചയായപ്പോള്‍ ഡിഎംകെ എംപി ടി ആര്‍ ബാലു ജി ആര്‍ സ്വാമിനാഥന്റെ വിധിയെക്കുറിച്ച്‌ ‘ആര്‍എസ്‌എസ് ജഡ്ജിയുടെ വിധി’ എന്നായിരുന്നു പറഞ്ഞത്. ഈ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കംചെയ്തെങ്കിലും ജഡ്ജി ആര്‍എസ്‌എസ് പ്രത്യയശാസ്ത്രത്തോട് കൂറുപുലര്‍ത്തുന്നയാളാണ് എന്ന വാദം പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. വിധിന്യായത്തിലടക്കം വര്‍ഗീയവും ജാതിപരവുമായ നിലപാട് സ്വീകരിക്കുന്ന ജഡ്ജിയെ നീക്കണമെന്നാണ് പ്രതിപക്ഷാംഗങ്ങള്‍ ലോക്സഭാ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.

1 st paragraph

ബ്രാഹ്‌മണരായ അഭിഭാഷകര്‍ക്കും വലതുപക്ഷ ആശയങ്ങളെ പിന്തുണയ്ക്കുന്ന അഭിഭാഷകര്‍ക്കും മാത്രമാണ് സ്വാമിനാഥന്‍ തന്റെ മുന്നില്‍ വരുന്ന കേസുകള്‍ പരിഗണിക്കുന്ന പട്ടികയില്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് ഉയര്‍ന്നുവന്ന പ്രധാന ആരോപണം. ബ്രാഹ്‌മണനായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീധരന്‍ രംഗരാജന് 2024 ഏപ്രില്‍ മുതല്‍ ജൂലൈ വരെ നല്‍കിയ പ്രത്യേക പരിഗണനയും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജി ആര്‍ സ്വാമിനാഥന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 6 അമിക്കസ് ക്യൂറികളെ നിയമിച്ചിരുന്നു. ഈ ആറുപേരും ബ്രാഹ്‌മണന്മാരായിരുന്നു. ബിജെപി ബന്ധമുളള വ്യക്തികളുടെ കേസുകളില്‍ അസാധാരണ വേഗത്തിലാണ് വിധി പുറപ്പെടുവിക്കുന്നത്.പൊതുപരിപാടികളില്‍ പങ്കെടുത്ത് നിരന്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ് ജി ആര്‍ സ്വാമിനാഥനെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. 2024-ല്‍ ബിജെപി നേതാവ് എച്ച്‌ രാജ പങ്കെടുത്ത സംഘപരിവാര്‍ സംഘടനകളുടെ ചടങ്ങില്‍ ദ്രാവിഡ മോഡലിനെ പരിഹസിച്ചതും ക്രിസ്ത്യന്‍ പുരോഹിതന്റെ കേസില്‍ ക്രിപ്റ്റോ ക്രിസ്ത്യാനികള്‍ എന്ന പദപ്രയോഗം പ്രയോഗിച്ചതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലാവണ്യ ആത്മഹത്യാക്കേസില്‍ മതപരിവര്‍ത്തനം ആരോപിച്ച്‌ കേസ് ജഡ്ജി സിബിഐയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ മതപരിവര്‍ത്തനം തളളിക്കളയുകയാണ് ഉണ്ടായത്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് വേരുറയ്ക്കാത്ത തമിഴ്നാട്ടില്‍ തിരുപരംകുണ്ട്രം വഴി വര്‍ഗീയ രാഷ്ട്രീയത്തിന് വഴിതുറക്കാനാണ് സംഘപരിവാര്‍ ശ്രമമെന്നും അതിന് ജി ആര്‍ സ്വാമിനാഥന്‍ കൂട്ടുനില്‍ക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

തിരുപരംകുണ്ട്രം കുന്നുകളിലാണ് മുരുകന്റെ ആറുപടൈ വീടുകളിലൊന്നായ സുബ്രമണ്യസ്വാമി ക്ഷേത്രവും സുല്‍ത്താന്‍ സിക്കന്തര്‍ ദര്‍ഗയും സ്ഥിതിചെയ്യുന്നത്. കാര്‍ത്തിക ദീപം മഹോത്സവത്തോട് അനുബന്ധിച്ച്‌ നൂറുവര്‍ഷത്തിലേറെയായി സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ഉച്ചിപ്പിളളയാര്‍ കോവിലിലെ സ്തംഭത്തിലാണ് കാര്‍ത്തികദീപം തെളിയിച്ചിരുന്നത്. എന്നാല്‍ അത് പോര ദര്‍ഗയ്ക്ക് സമീപത്തുളള ദീപത്തൂണ്‍ എന്ന് വിളിക്കുന്ന സ്തംഭത്തില്‍ വിളക്ക് കൊളുത്തണമെന്നായിരുന്നു സംഘപരിവാറിന്റെ ആവശ്യം. അതിനായി ഹിന്ദു മക്കള്‍ കച്ചി നേതാവായ രാമ രവികുമാര്‍ ജി ആര്‍ സ്വാമിനാഥന്റെ ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് വിവാദമുണ്ടായത്. ജി ആര്‍ സ്വാമിനാഥന്‍ തിരുപ്പുറക്കുണ്ട്രം സന്ദര്‍ശിച്ച്‌ സംഘപരിവാറിന് അനുകൂലമായ ഉത്തരവിടുകയായിരുന്നു. എന്നാല്‍ പതിറ്റാണ്ടുകളായി ചെയ്യുന്നതുപോലെ ക്ഷേത്രത്തിലെ ദീപമണ്ഡപത്തില്‍ മാത്രം വിളക്ക് കൊളുത്തിയാല്‍ മതിയെന്നായിരുന്നു ക്ഷേത്രത്തിന്റെ അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും തീരുമാനം. മലമുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ദീപത്തൂണില്‍ വിളക്ക് കൊളുത്താനെത്തിയ ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ പൊലീസ് തടയുകയും ചെയ്തു.അത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

2nd paragraph