വിദ്യാഭ്യാസ മേഖലയിൽ പുതിയമാറ്റങ്ങൾ കൊണ്ടുവരാനും കാലത്തിനനുസരിച്ചുള്ള നൂതന പഠനരീതികൾ നടപ്പാക്കാനും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത്

മലപ്പുറം: ജില്ലയുടെ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്തിന് കഴിഞ്ഞെന്നും പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള നൂതനപദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ പുതിയമാറ്റങ്ങൾ കൊണ്ടുവരാനും കാലത്തിനനുസരിച്ചുള്ള നൂതന പഠനരീതികൾ നടപ്പാക്കാനും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കുമായി നടത്തിയ ‘വിഷൻ’ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

 

അടിസ്ഥാനസൗകര്യ വികസനങ്ങൾക്കൊപ്പംതന്നെ അക്കാദമിക് രംഗങ്ങളിലും നൂതനമാറ്റങ്ങൾ വരണമെന്നും ദീർഘകാല പദ്ധതികൾക്കൊപ്പം ഹൃസ്വകാലപദ്ധതികളും നടപ്പിലാക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷൻ ഇസ്മായീൽ മൂത്തേടം അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ നസീബ അസീസ്, സറീന ഹസീബ്, മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സഫറുല്ല, ഉമ്മർ അറക്കൽ എന്നിവർ പ്രസംഗിച്ചു.