തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്ട്ടിയെ ഞെട്ടിച്ച് കനത്ത പരാജയം; കാരണം കണ്ടെത്താൻ എൽഡിഎഫ്, നേതൃയോഗം ചൊവ്വാഴ്ച

തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാർട്ടിയെ ഞെട്ടിച്ച കനത്ത പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ എൽഡിഎഫ് നേതൃയോഗം ചൊവ്വാഴ്ച ചേരും. നേതൃയോഗത്തിൽ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. മുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയ കനത്ത തിരിച്ചടി മറികടക്കാനുള്ള തിരുത്തൽ വേണമെന്ന ആവശ്യം സിപിഐ ഉന്നയിച്ചു കഴിഞ്ഞു. ജോസ് കെ.മാണിയുടെ തീരുമാനങ്ങളും യോഗത്തിൽ നിർണായകം. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃയോഗങ്ങൾ നാളെ ചേരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവി ഗൗരവത്തോടെ പരിശോധിക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്. കാൽനൂറ്റാണ്ട് ഇടതു കോട്ടയായി ഉറച്ചു നിന്ന കൊല്ലം കോർപ്പറേഷൻ കൈവിട്ടുപോയത് എൽഡിഎഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കോർപ്പറേഷൻ ഭരണത്തിലെ നേട്ടങ്ങളും സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളും പ്രചരണ വിഷയമാക്കിയ ഇടതു മുന്നണിക്ക് പക്ഷേ വോട്ടുറപ്പിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ കൗൺസിലിൽ 38 സീറ്റുണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ 16 ഡിവിഷനിൽ ഒതുങ്ങി. 10 പേരുടെ അംഗബലം മാത്രം ഉണ്ടായിരുന്ന യുഡിഎഫാണ് 27 പേരുടെ പിൻബലത്തോടെ ഭരണത്തിലേറുന്നത്. ആറു സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി ഇരട്ടി ഡിവിഷനുകൾ പിടിച്ചെടുത്തുവെന്നതും ശ്രദ്ധേയമായി. നഗരസഭകളിലും ജില്ലാ പഞ്ചായത്തിലും തിരിച്ചടിയുണ്ടായില്ലന്ന് അവകാശപ്പെടുന്ന എൽഡിഎഫിന് കരുനാഗപ്പള്ളി നഗരസഭ കൈവിട്ടുപോയത് വലിയ ആഘാതമായി. കരുനാഗപ്പള്ളിയിലെ വിഭാഗീയത അടക്കം നഗരസഭ പിടിച്ചെടുക്കുന്നതിന് യുഡിഎഫിന് വഴിയൊരുക്കിയെന്നാണ് വിലയിരുത്തൽ.
