ബോണ്ടി ബീച്ച് ഭീകരാക്രമണം; അക്രമിയെ സാഹസികമായി കീഴ്‌പ്പെടുത്തിയ ‘ആസ്‌ട്രേലിയയുടെ ഹീറോ’ സുഖം പ്രാപിക്കുന്നു

സിഡ്നി: ആസ്ട്രേലിയയില് ജൂത ആഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തില് തോക്കുധാരിയായ അക്രമിയെ സാഹസികമായി കീഴ്പ്പെടുത്തിയ 43കാരന്റെ ആരോഗ്യനിലയില് പുരോഗതി.15 പേരുടെ മരണത്തിനടയാക്കിയ വെടിവെപ്പിനിടെ അക്രമിയെ പിന്നില് നിന്ന് ആക്രമിച്ച് കീഴ്പ്പെടുത്തുന്ന അഹ്മദ് അല് അഹ്മദ് എന്നയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലായിരുന്നു. ഇദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി അന്താരഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
സ്വന്തം ജീവന് പോലും പണയപ്പെടുത്തി അഹ്മദ് നടത്തിയ രക്ഷാപ്രവര്ത്തനമാണ് കൂടുതല് മരണങ്ങള് സംഭവിക്കുന്നത് തടഞ്ഞത്. തോക്ക് ഉപയോഗിക്കാന് അറിയാതിരുന്നിട്ടും കാര് പാര്ക്കില് വാഹനത്തിന്റെ മറപറ്റി അപ്രതീക്ഷിത നീക്കത്തില് അഹ്മദ് ഭീകരവാദിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടര്ന്ന് ഇയാളുടെ പക്കല് നിന്നും തോക്ക് തട്ടിയെടുക്കുകയും ചെയ്തു. ഇതിനിടെ രണ്ടാമത്തെ അക്രമിയില് നിന്ന് അഹ്മദിന് വെടിയേല്ക്കുകയും ചെയ്തു. തുടര്ന്ന് പൊലിസെത്തിയാണ് അഹ്മദിനെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. അഹ്മദിന്റെ ധീരമായ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു.

അതേസമയം ആസ്ത്രേലിയയിലെ ബോണ്ടി ബീച്ചില് ജൂത ആഘോഷത്തിനിടെയുണ്ടായ വെടിവയ്പില് മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരില് 10 വയസ്സുള്ള കുട്ടിയും ഉള്പെടുന്നു. 29 പേര്ക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് അക്രമികളാണ് വെടിവെപ്പ് നടത്തിയത്. ഇവർ അച്ഛനും മകനുമാണെന്ന് പൊലിസ് വ്യക്തമാക്കി. ഇതില് അച്ഛന് സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. 50 വയസ്സായിരുന്നു ഇയാള്ക്ക്. 24 കാരനായ മകന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. പിതാവ് ഒരു ഗണ് ക്ലബ് അംഗമായിരുന്നുവെന്നും ഇയാള്ക്ക് ആയുധങ്ങള് ഉപയോഗിക്കുന്നതിനുള്ള ലൈസന്സ് ഉണ്ടായിരുന്നുവെന്നും പൊലിസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഹാനുക്കയെന്ന ആഘോഷത്തിന്റെ തുടക്കത്തിലാണ് ബോണ്ടി ബീച്ചില് ആക്രമണമുണ്ടായത്. 1000 പേര് പരിപാടിക്കെത്തിയിരുന്നു. ഇവര്ക്ക് നേരെ അക്രമികള് മറഞ്ഞു നിന്ന് വെടിയുതിര്ക്കുകയായിരുന്നു. സ്ഫോടക വസ്തു നിറച്ചതെന്ന് സംശയിക്കുന്ന വാഹനവും കണ്ടെത്തിയിരുന്നു.ബോംബ് സ്ക്വാഡ് സ്ഫോടക വസ്തുക്കള് നിര്വീര്യമാക്കി.

