ക്യാൻസർ ആശുപത്രിയെ തുരങ്കം വയ്ക്കാൻ ശ്രമം
തിരൂർ: ജില്ലാ ആശുപത്രിയിലെ പ്രത്യേക ക്യാൻസർ ആശുപത്രിയെ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം. ഉദ്യോഗസ്ഥർക്കിടയിലെ തലശേരി ലോബിയാണ് ക്യാൻസർ ആശുപത്രിയെ തകർക്കാനൊരുങ്ങുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ക്യാൻസർ ആശുപത്രിക്കായി കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. 38 കോടി രൂപ മുടക്കിയാണ് കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഇനി കാൻസർ ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും ചികിത്സാ സംവിധാനങ്ങളുമാണ് ഒരുക്കേണ്ടത്. ഇതിനായി സർക്കാർ തലശേരി ക്യാൻസർ ആശുപത്രിയിലെ ഡോ. സതീശനെയാണ് ചുമതലപ്പെടുത്തിയത്. ഇദ്ദേഹം ഇതിനായി ജില്ലാ ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു. തലശേരി ക്യാൻസർ ആശുപത്രിയ്ക്കു പോലുമില്ലാത്ത ഇത്രയും വലിയ കെട്ടിടം തിരൂരിനെന്തിന് എന്ന് ഡോ. സതീഷ് ചോദിച്ചു ക്ഷുഭിതനായിയെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ഇനി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശമില്ലാതെ ക്യാൻസർ ആശുപത്രിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയെന്നും ആക്ഷേപം. അതിനു ശേഷം ഇവിടേയ്ക്ക് ഉപകരണങ്ങൾ വാങ്ങുന്നതടക്കമുള്ള പ്രവർത്തനങ്ങൾ മരവിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.
ക്യാൻസർ ചികിത്സാ രംഗത്തെ നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തി ജില്ലാ ആശുപത്രിയിലെ ക്യാൻസർ ബ്ലോക്കിനെ അത്യാധുനിക ക്യാൻസർ സെന്ററാക്കി മാറ്റുന്നതിന് 50 കോടി രൂപ നൽകാമെന്ന് നബാർഡ് സമ്മതിച്ചതാണ്. ഇതിന്റെ പത്തു ശതമാനം തുക മാത്രം സർക്കാർ വഹിച്ചാൽ മതി. എന്നാൽ ഈ പദ്ധതി ആരോഗ്യവകുപ്പിലെ ചിലർ മനപൂർവം വൈകിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്.
ഹൈ എനർജി എക്‌സ് റേസും ഇലക്ട്രോണുകളും ഉപയോഗിച്ച് ക്യാൻസർ കോശങ്ങളെ കരിയിച്ചു കളയുന്ന ലിനീയർ ആക്‌സലറേറ്റർ അഥവാ ലിനാക് സംവിധാനങ്ങൾ കൊണ്ടു വരുന്നതിനാണ് നബാർഡ് ധനസഹായം നൽകുന്നത്. ഈ സംവിധാനം വരുന്നതോടെ തിരുവന്തപുരത്തേയ്ക്കും തലശേരിയിലേയ്ക്കുമൊന്നും പോകാതെ മലബാർ മേഖലയിലുള്ളവർക്ക് തിരൂർ ജില്ലാ ആശുപത്രിയെ ആശ്രയിക്കാം. നിലവിൽ പതിനായിരത്തോളം ക്യാൻസർ രോഗികളാണ് തിരൂർ ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത്. ഇവർക്കു കൂടി സഹായകരമാകുന്ന ക്യാൻസർ ബ്ലോക്കാണ് ചിലരുടെ രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ പാതിവഴിയിൽ നിൽക്കുന്നത്.