നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുമായി ലീഗ്; തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം ഓഡിറ്റ് ചെയ്യും

തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം ഓഡിറ്റ് ചെയ്യാൻ ലീഗ്. മുസ്ലിം ലീഗിന് ഭരണനേതൃത്വം ലഭിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനമാണ് ഓഡിറ്റ് ചെയ്യുക. ആറുമാസത്തിൽ ഒരിക്കൽ പെർഫോമൻസ് അവലോകനം ചെയ്യും. മലപ്പുറം ജില്ലാ പഞ്ചായത്ത് അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളിൽ പ്രതിപക്ഷമില്ലാത്തതാണ് ഓഡിറ്റിന് പ്രേരിപ്പിച്ചത്.

അടുത്ത ആഴ്ച യോഗം ചേർന്ന് ചുമതലകൾ നൽകും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും പഞ്ചായത്ത് -മണ്ഡലം കമ്മിറ്റി ഭാരവാഹികളെയും പങ്കെടുപ്പിച്ച് ഉടൻ ശില്പശാല നടത്തും. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം ചോരുന്നതിനു മുൻപേ നിയമസഭക്ക് തയ്യാറെടുക്കുകയാണ് ലക്ഷ്യം.
മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിൽ മുസ്ലിം ലീഗിനെതിരെ കോൺഗ്രസ് മുന്നണി ഉണ്ടാക്കിയ കാര്യം അടുത്ത യുഡിഎഫ് യോഗത്തിൽ അവതരിപ്പിക്കും. ഡിസിസി നേതാക്കളുടെ ഒത്താശയോടെ ആണ് കോൺഗ്രസ് സിപിഐഎം സഖ്യം പൊന്മുണ്ടത്ത് മുന്നോട്ടു പോയതെന്നും ലീഗ് വിലയിരുത്തി. മൂന്ന് ടേം വ്യവസ്ഥ നടപ്പിലാക്കിയത് വൻ വിജയമായി. എംഎസ്എഫ് യൂത്ത് ലീഗ് നേതാക്കൾ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ചുവെന്നും വിലയിരുത്തൽ. ഇന്നലെ മലപ്പുറത്ത് ചേർന്ന പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത യോഗത്തിലാണ് ചർച്ചകളും തീരുമാനങ്ങളും.

