ഇനി വിളിക്കരുതേ, പ്ലീസ്. ; യുഡിഎഫിലേക്കുള്ള ക്ഷണം നേതാക്കള്‍ നിര്‍ത്തണമെന്ന് സ്റ്റീഫന്‍ ജോര്‍ജ്

കോട്ടയം: യുഡിഎഫിലേക്കുള്ള ക്ഷണം നേതാക്കള്‍ നിര്‍ത്തണമെന്ന് കേരള കോണ്‍ഗ്രസ് എം. എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന നിലപാട് വ്യക്തമാക്കിയിട്ടും വിളിക്കുന്നത് എന്തിനെന്നും കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ചോദിച്ചു.

കേരള കോണ്‍ഗ്രസിന്‍റെ അടിത്തറ ഭദ്രമാണെന്നതിന് തെളിവാണ് യുഡിഎഫ് നേതാക്കളുടെ ക്ഷണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ വോട്ട് എല്‍ഡിഎഫിനെ കൈവിട്ടുവെന്ന പ്രചാരണം തെറ്റാണെന്നും നേത്യത്വം വ്യക്തമാക്കി. ജോസ് കെ മാണി ഏത് സീറ്റില്‍ മത്സരിക്കുമെന്നത് സീറ്റ് ചര്‍ച്ച കഴിഞ്ഞെ തീരുമാനിക്കുവെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
അതേസമയം മുന്നണി വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേരള കോണ്‍സ് എം ചെയർമാൻ ജോസ് കെ മാണി ഉറപ്പ് നല്‍കിയിരുന്നു. തിരുവനന്തപുരത്ത് വെച്ച് ജോസ് കെ മാണി മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുന്നണി മാറ്റ വാർത്തകള്‍ മാധ്യമ സൃഷ്ടിമാത്രമാണെന്ന് ജോസ് കെ മാണി മുഖ്യമന്ത്രിയെ അറിയിച്ചു. ഒരു യുഡിഎഫ് നേതാക്കളുമായും ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം അടക്കമുള്ള മധ്യകേരളത്തില്‍ തിരിച്ച് വരാനാകുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി വിടുമെന്ന രീതിയിലുള്ള ചർച്ചകള്‍ ഉയർന്നിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ അവിശ്വസിക്കുന്നില്ലെന്ന നിലപാടിലാണ് സിപിഐഎം. തദ്ദേശ തോല്‍വിയിലെ തിരിച്ചടിക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫ് വിടുമെന്നും പാർട്ടിയെ യുഡിഎഫിലെത്തിക്കാൻ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സജീവ നീക്കം നടക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ പാടെ തള്ളിയാണ് ഇന്നലെ ജോസ് കെ മാണി പ്രതികരിച്ചത്.
