സ്കൂളിലെ പെറ്റ് ഷോ: ആനയുമായി കുട്ടി വന്ന സംഭവത്തിൽ റിപ്പോർട്ട് തേടി വനം വകുപ്പ്, നടപടി എടുത്തേക്കും

സ്കൂളിലെ പെറ്റ് ഷോയുമായി ബന്ധപ്പെട്ട് സ്കൂളിൽ നിന്ന് റിപ്പോർട്ട് തേടി വനം വകുപ്പ്. സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് റിപ്പോർട്ട് തേടിയത്. ഷെഡ്യൂൾഡ് വിഭാഗത്തിൽപ്പെട്ട മൃഗങ്ങളെ സ്കൂളിൽ എത്തിച്ചിട്ടുണ്ടെങ്കിൽ നടപടി ഉണ്ടായേക്കും. ഇന്നലെയാണ് കലൂർ ഗ്രീറ്റസ് പബ്ലിക് സ്കൂളിൽ പെറ്റ് ഷോ സംഘടിപ്പിച്ചത്.

പെറ്റ് ഷോയുടെ ഭാഗമായാണ് കുട്ടികൾ വീട്ടിലെ വളർത്തുമൃഗങ്ങളെ സ്കൂളിലെത്തിച്ചത്. പൂച്ചയേയും നായയേയും കുതിരയേയുമൊക്കെ കുട്ടികൾ കൊണ്ടുവന്നിരുന്നു. അതിനിടയിൽ ഒരു കുട്ടി ആനയുമായാണ് സ്കൂളിലെത്തിയത്. ഇതാണ് വിവാദത്തിന് കാരണമായത്. ആനപ്പുറത്ത് ഇരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ ഫോറസ്ട്രി വിഭാഗം ഇടപെടുകയായിരുന്നു. ഇടപ്പള്ളി റേഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സ്കൂൾ അധികൃതരോട് വിശദീകരണം ചോദിച്ചത്.
അനുമതി വാങ്ങിയാണോ ആനയെ സ്കൂളിലെത്തിച്ചതെന്നും കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിന് അനുമതി വാങ്ങിയിരുന്നോ എന്നും ഉദ്യോഗസ്ഥർ ചോദിച്ചിട്ടുണ്ട്. എന്നാൽ അനുമതി വാങ്ങിയാണ് ആനയെ സ്കൂളിലെത്തിച്ചതെന്നായിരുന്നു അധികൃതരുടെ മറുപടി. ആനപ്പുറത്ത് കയറിയത് ആനയുടെ ഉടമകളാണെന്നും അധികൃതർ മറുപടി നൽകി. സംഭവത്തിൽ സ്കൂളിനോട് വിശദീകരണം ആവശ്യപ്പെട്ടു.

അതേസമയം, ഷെഡ്യൂൾഡ് വിഭാഗത്തിൽപ്പെട്ട മൃഗങ്ങളെ സ്കൂളിൽ എത്തിച്ചിട്ടുണ്ടെങ്കിൽ നടപടി ഉണ്ടായേക്കും. നാളെ മറുപടി നൽകുമെന്നാണ് അധികൃതർ അറിയിച്ചത്. ഇത് രണ്ടാം വര്‍ഷമാണ് ജിപിഎസ് സ്കൂളില്‍ പെറ്റ് ഷോ നടത്തുന്നത്.
