രക്തസാക്ഷികളുടെ പേരില്‍ ഡി.എസ്.യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ; ചടങ്ങ് റദ്ദാക്കി വി.സി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്വകലാശാലയില് ഡിപാര്ട്ട്മെന്റ് സ്റ്റുഡന്റ്സ് യൂനിയന് (ഡി.എസ്.യു) ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് വിവാദത്തില്.സര്വകലാശാല നിര്ദേശിച്ച ഔദ്യോഗിക സത്യപ്രതിജ്ഞാ വാചകങ്ങള് ഉപയോഗിക്കാതെ, സ്വന്തം നിലയില് സത്യപ്രതിജ്ഞ നടത്താന് ശ്രമിച്ചതില് പ്രതിഷേധിച്ച് വൈസ് ചാന്സലര് ഡോ. പി. രവീന്ദ്രന് ചടങ്ങ് റദ്ദാക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തു.
ചടങ്ങിനിടെ ഡി.എസ്.യു ഭാരവാഹികള് ‘നവലോക ക്രമത്തിനായുള്ള പോരാട്ടത്തില് ജീവന് നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരില്’ സത്യപ്രതിജ്ഞ ചെയ്യുന്നതായി പറഞ്ഞതോടെയാണ് പ്രശ്നങ്ങള് ഉടലെടുത്തത്. സര്വകലാശാല തയാറാക്കി നല്കിയ ഔദ്യോഗിക സത്യപ്രതിജ്ഞാ വാചകങ്ങള് ഒഴിവാക്കിയാല് അത് നിയമപരമായി നിലനില്ക്കില്ലെന്ന് വൈസ് ചാന്സലര് രണ്ടു പ്രാവശ്യം ഭാരവാഹികളെ അറിയിച്ചു.

ഭാരവാഹികള് ഇത് അംഗീകരിക്കാന് തയാറായില്ല. തുടര്ന്ന് വൈസ് ചാന്സലര് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി ഇറങ്ങിപ്പോവുകയായിരുന്നു.
