Fincat

വീണ്ടും പാകിസ്താൻ സൈനിക ക്യാമ്പിൽ ചാവേറുകൾ, വസീറിസ്ഥാനെ വിറപ്പിച്ച് വൻ സ്ഫോടനവും വെടിവയ്പ്പും, നാല് മരണം

ഇസ്‌ലാമാബാദ്: പാകിസ്താനിലെ വടക്കൻ വസീറിസ്ഥാനിലെ ബോയയിലുള്ള സുരക്ഷാ ക്യാമ്പിൽ ചാവേര്‍ സ്ഫോടനവും പിന്നാലെ വെടിവയ്പ്പും. വെള്ളിയാഴ്ച ഉണ്ടായ ശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വെടിവെപ്പിലും നിരവധിപേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പാക് സേന നടത്തിയ പ്രത്യാക്രമണത്തിൽ കുറഞ്ഞത് നാല് ഭീകരർ കൊല്ലപ്പെട്ടു. സൈനിക താവളം തകർക്കാൻ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് കടുത്ത ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ടുകൾ. മിറാൻഷായിലെ ബോയ മുഹമ്മദ് ഖേലിലുള്ള മിലിട്ടറി ബറ്റാലിയൻ ആസ്ഥാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു ചാവേർ ക്യാമ്പിൻ്റെ അതിർത്തിയിൽ സ്ഫോടനം നടത്തിയതോടെയാണ് ആക്രമണം തുടങ്ങിയത്. ഇതിന് പിന്നാലെ ഭീകരർ സൈനിക കോമ്പൗണ്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചു. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചു. പാകിസ്താൻ സൈന്യവും സായുധ ഭീകരരും തമ്മിലുള്ള കടുത്ത ഏറ്റുമുട്ടൽ വൈകുന്നേരം വരെ നീണ്ടുനിന്നു. ആക്രമണത്തിന് ശേഷം നടന്ന വെടിവെപ്പിലാണ് നാല് ഭീകരർ കൊല്ലപ്പെട്ടത്.

1 st paragraph

വർദ്ധിച്ചുവരുന്ന ഭീകരവാദം

അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാകിസ്താൻ്റെ വടക്കുപടിഞ്ഞാറൻ ഗോത്രവർഗ്ഗ ജില്ലകളിൽ ഭീകരപ്രവർത്തനങ്ങൾ വീണ്ടും ശക്തമാകുന്നതിൻ്റെ സൂചനയായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്. പാക്കിസ്ഥാനിൽ നിരോധിക്കപ്പെട്ട ഭീകരസംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്താനുമായി (ടിടിപി) മുൻപുണ്ടായിരുന്ന വെടിനിർത്തൽ കരാറുകൾ നിര്‍ത്തലാക്കിയ ശേഷം സുരക്ഷാ സേനയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ പതിവായിരിക്കുകയാണ്. ഈ വർഷം ജൂണിൽ വടക്കൻ വസീറിസ്ഥാനിലെ മിർ അലിയിൽ ഉണ്ടായ ചാവേർ കാർ ബോംബ് സ്ഫോടനത്തിൽ 16 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. സമാനമായ രീതിയിൽ തെക്കൻ വസീറിസ്ഥാനിലും സൈനിക വ്യൂഹങ്ങൾക്ക് നേരെ നടന്ന പതിയിരുന്നുള്ള ആക്രമണങ്ങളിൽ ഒരു ഡസനോളം സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലുടനീളം സൈന്യത്തെയും അർദ്ധസൈനിക വിഭാഗങ്ങളെയും ലക്ഷ്യമിട്ടുള്ള ബോംബ് സ്ഫോടനങ്ങളും ഏറ്റുമുട്ടലുകളും വർദ്ധിച്ചിട്ടുണ്ടെന്നാണ് സുരക്ഷാ വിലയിരുത്തലുകൾ വ്യക്തമാക്കുന്നത്.

2nd paragraph