Fincat

‘യുദ്ധമല്ല, പ്രതികാരം’; സിറിയയില്‍ ഐഎസിനെതിരെ യുഎസ് ‘ഓപ്പറേഷന്‍ ഹോക്ക്‌ഐ സ്‌ട്രൈക്ക്’


അമേരിക്കന്‍ സൈനികരുടെ മരണത്തിനുള്ള പ്രതികാരമായി സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്) ലക്ഷ്യം വച്ചുള്ള പ്രധാന സൈനിക നടപടിക്ക് തുടക്കം കുറിച്ച്‌ യുഎസ്.’ഓപ്പറേഷന്‍ ഹോക്ക്‌ഐ സ്‌ട്രൈക്ക്’ എന്ന് പേരിട്ടിരിക്കുന്ന സൈനിക ദൗത്യത്തിലൂടെ സിറിയയിലെ ഐഎസ് ഭീകരരെയും ആയുധ കേന്ദ്രങ്ങളെയും പ്രവര്‍ത്തന കേന്ദ്രങ്ങളെയും ഇല്ലാതാക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്.

അമേരിക്കന്‍ സൈനികര്‍ക്കു നേരെ ഈ മാസം ആദ്യം ഐഎസ് നടത്തിയ മാരക ആക്രമണങ്ങള്‍ക്കുള്ള യുഎസിന്റെ പ്രതികാര നടപടിയാണ് ഈ ഓപ്പറേഷന്‍. ഡിസംബര്‍ 13-ന് സിറിയയിലെ പാല്‍മിറയില്‍ നടന്ന ഐഎസ് ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ദൗത്യം ആരംഭിച്ചിരിക്കുന്നതെന്നും യുഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

1 st paragraph

ഓപ്പറേഷന്‍ ആരംഭിച്ചതിനു പിന്നാലെ യുഎസ് പ്രതിരോധ വകുപ്പ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. “ഇത് യുദ്ധത്തിന്റെ തുടക്കമല്ല, പ്രതികാര പ്രഖ്യാപനമാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നമ്മുടെ ജനങ്ങളെ സംരക്ഷിക്കാന്‍ യുഎസ് ഒരിക്കലും മടിക്കില്ല, ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല”, പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.

അമേരിക്കക്കാരെ ലക്ഷ്യമിടുന്ന ഏതൊരു ഗ്രൂപ്പിനെയും വേട്ടയാടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഓപ്പറേഷന്റെ ആരംഭ ഘട്ടത്തില്‍ തന്നെ യുഎസ് സൈന്യം നിരവധി ഐഎസ് ഭീകരരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഗ്രൂപ്പിനെ ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്നും പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.

2nd paragraph

ഡിസംബറിലെ ആക്രമണം ഈ വര്‍ഷം മേഖലയില്‍ അമേരിക്കന്‍ സൈന്യത്തിനെതിരെ നടന്നിട്ടുള്ള ഏറ്റവും മാരകമായ ആക്രമണങ്ങളില്‍ ഒന്നായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സിറിയയില്‍ നിന്ന് അമേരിക്കയില്‍ എത്തിക്കുകയും അവരോടുള്ള ബഹുമാനാര്‍ത്ഥം ഔപചാരിക ചടങ്ങുകളോടെ മറ്റ് സംസ്‌കാര നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

ഇതിന് ഉത്തരവാദികളായവര്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശത്ത് വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ സൈന്യത്തിനെതിരായ ഭാവി ആക്രമണങ്ങള്‍ തടയുന്നതിനുള്ള ശക്തമായ പ്രതികരണമായാണ് വൈറ്റ് ഹൗസ് ‘ഓപ്പറേഷന്‍ ഹോക്ക്‌ഐ സ്‌ട്രൈക്കി’നെ വിശേഷിപ്പിച്ചത്.

ഐഎസിനെ ശക്തമായി ആക്രമിക്കുമെന്ന് ട്രംപ്

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഐഎസിനു നേരെയുള്ള ദൗത്യത്തെ അഭിസംബോധന ചെയ്തു. അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഈ ദൗത്യം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സിറിയയിലെ ഐസ് ശക്തികേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തുന്നതായും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും ഐഎസിനെ ഉന്മൂലനം ചെയ്താല്‍ സിറിയയ്ക്ക് മികച്ച ഭാവി ഉണ്ടാകുമെന്ന് ട്രംപ് പ്രസ്താവിച്ചു. സിറിയന്‍ സര്‍ക്കാരിന് ഈ സൈനിക നടപടിയെ കുറിച്ച്‌ അറിയാമെന്നും ഭീകര സംഘടനയെ മേഖലയില്‍ നിന്ന് തുടച്ചുനീക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ പിന്തുണച്ചതായും ട്രംപ് വ്യക്തമാക്കി.

ഐഎസിനെതിരായ ദീര്‍ഘകാല പ്രചാരണത്തിന്റെ ഭാഗമായി സിറിയയുടെ ചില ഭാഗങ്ങളില്‍ അമേരിക്കന്‍ സൈന്യം സാന്നിധ്യം നിലനിര്‍ത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഗ്രൂപ്പിന് അതിന്റെ സ്വാധീന കേന്ദ്രങ്ങളുടെ ഭൂരിഭാഗവും നഷ്ടപ്പെട്ടെങ്കിലും ഐഎസിനെതിരായുള്ള ആക്രമണം തുടരുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.