സമാധാനം പുനസ്ഥാപിക്കാന്‍ ഗാസയിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ പാകിസ്ഥാന്‍; നന്ദി അറിയിച്ച് യു.എസ്

വാഷിങ്ടണ്‍: ഗാസയ്ക്കായുള്ള നിര്‍ദിഷ്ട അന്താരാഷ്ട്ര സേനയില്‍ ചേരാമെന്ന് വാഗ്ദാനം ചെയ്ത പാകിസ്ഥാനോട് നന്ദി പറഞ്ഞ് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് പാകിസ്ഥാന് നന്ദി രേഖപ്പെടുത്തിയത്. അതേസമയം ഇതുവരെ സേനയെ അയക്കുന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമാധാനം പുനസ്ഥാപിക്കാന്‍ ഗാസയിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ പാകിസ്ഥാന്‍ സമ്മതം അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റൂബിയോ- ‘അവരുടെ വാഗ്ദാനത്തിന് ഞങ്ങള്‍ നന്ദി പറയുന്നു’. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര തലത്തിലെ പങ്കാളിത്തത്തെ സംബന്ധിച്ച് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ – ഹമാസ് സമാധാന ശ്രമം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ട്രംപ് ഭരണകൂടം നേരിടുന്ന തടസ്സങ്ങളെക്കുറിച്ച് റൂബിയോ തുറന്നു പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഹമാസിനെ നിരായുധീകരിക്കുന്നത് തങ്ങളുടെ ജോലിയല്ലെന്നാണ് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ നേരത്തെ പ്രതികരിച്ചത്. ഗാസയിലെ സമാധാനത്തിനായി സംഭാവനകള്‍ നല്‍കാമെങ്കിലും, ഹമാസിനെ നിരായുധീകരിക്കുന്നത് ‘ഞങ്ങളുടെ ജോലിയല്ല’ എന്നാണ് മന്ത്രി വ്യക്തമാക്കിയത്. പല രാജ്യങ്ങളും ഇക്കാര്യത്തില്‍ മടി കാണിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അത്തരത്തില്‍ സംഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുക്കേണ്ടി വരുന്നത് അഭ്യന്തരമായും അല്ലാതെയും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുമെന്ന് രാജ്യങ്ങള്‍ ഭയക്കുന്നു.

ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി പാക് സൈനിക മേധാവി അസിം മുനീര്‍ വരും ആഴ്ചകളില്‍ വാഷിംഗ്ടണിലേക്ക് പോകാനിടയുണ്ട്. ആറ് മാസത്തിനിടെ ട്രംപുമായുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ഗാസയിലേക്കുള്ള സേനയെ സംബന്ധിച്ച ചര്‍ച്ചകള്‍ ഈ കൂടിക്കാഴ്ചയില്‍ ഉണ്ടാവാനിടയുണ്ട്.
ട്രംപ് മുന്നോട്ടുവച്ച ഗാസ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന്റെ പുരോഗതി മന്ദഗതിയിലാണ്. ഗാസയുടെ മേല്‍നോട്ടത്തിനായി ഒരു ‘സമാധാന ബോര്‍ഡ്’ സൃഷ്ടിച്ചുകൊണ്ട് പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് നീക്കം. ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നതില്‍ രാഷ്ട്രീയമായി കാര്യമായ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെന്ന് റൂബിയോ പറഞ്ഞു. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാനെന്ന പേരില്‍ അന്താരാഷ്ട്ര സേനയെ നിയോഗിക്കാന്‍ അമേരിക്ക പദ്ധതിയിടുന്നുണ്ടെങ്കിലും അനന്തമായി നീളുകയാണ്.
