2012ലെ റോണോയെ വെട്ടി 2013ലെ റൊണാള്‍ഡോക്കൊപ്പം; ചരിത്രമെഴുതി എംബാപ്പെ

ലാലിഗയില്‍ സെവിയ്യക്കെതിരായ മത്സരത്തില്‍ തകർപ്പൻ വിജയമാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സെവിയ്യയെ റയല്‍ വീഴ്ത്തിയത്.
മത്സരത്തില്‍ റയലിനായി ജൂഡ് ബെല്ലിങ്ങ്ഹാം, കിലിയൻ എംബാപ്പെ എന്നിവരാണ് ഗോളുകള്‍ സ്കോർ ചെയ്തത്.
മത്സരത്തില്‍ റയലിനൊപ്പം ഒരു ചരിത്രനേട്ടമാണ് ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോള്‍ നേടിയാണ് എംബാപ്പെ തിളങ്ങിയത്. മത്സരത്തില്‍ 86ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തില്‍ എത്തിച്ചാണ് റൊണാള്‍ഡോ പുത്തൻ നേട്ടം സ്വന്തമാക്കിയത്.

റയല്‍ മാഡ്രിഡിനായി ഒരു കലണ്ടർ ഇയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായാണ് എംബാപ്പെ റെക്കോർഡിട്ടത്. ഈ കലണ്ടർ ഇയറില്‍ റയല്‍ ജേഴ്സിയില്‍ എംബാപ്പെ ഇതുവരെ 59 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 2012 കലണ്ടർ ഇയറില്‍ റയലിനായി 58 ഗോളുകള്‍ അടിച്ചുകൂട്ടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്നാണ് ഫ്രഞ്ച് താരത്തിന്റെ കുതിപ്പ്.
ഈ പട്ടികയില്‍ റൊണാള്‍ഡോയെ എംബാപ്പെ മറികടന്നെങ്കിലും പോർച്ചുഗീസ് ഇതിഹാസം 2013 സീസണില്‍ 59 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇതോടെ റൊണാള്‍ഡോയുടെ ഈ റെക്കോർഡിനൊപ്പവും എംബാപ്പെ എത്തിയിരിക്കുകയാണ്. മത്സരത്തില്‍ ഒരു ഗോള്‍ കൂടി നേടിയിരുന്നെങ്കില്‍ ഈ റെക്കോർഡും ഫ്രഞ്ച് താരത്തിന്റെ പേരിലാവുമായിരുന്നു.

റയലിന് ഇനി ഈ വർഷം മത്സരങ്ങളിലില്ല. 2026 ജനുവരി നാലിനാണ് റയല്‍ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. അതുകൊണ്ട് തന്നെ എംബാപ്പെക്ക് ഈ നേട്ടം ഈ സ്വന്തമാക്കണമെങ്കില്‍ ഇനിയും കാത്തിരിക്കണം.
