പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹർത്താൽ പിൻവലിച്ചു

മലപ്പുറം പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹർത്താൽ പിൻവലിച്ചു. മുസ്ലിം ലീഗ് ഓഫിസിനു നേരെ സിപിഐഎം പ്രവർത്തകർ ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഹർത്താൽ. വിദ്യാർഥികൾ ഉൾപ്പെടെ ജനങ്ങൾക്ക് ഉണ്ടാകുന്ന അസൗകര്യം കണക്കിലെടുത്താണ് നടപടി.

ലീഗ് ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് സിപിഐഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. രാത്രിയിൽ നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. സിപിഐഎം ഓഫീസ് തകർത്തെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പെരിന്തൽമണ്ണ മുൻസിപ്പാലിറ്റി എൽഡിഎഫ് നിന്ന് യുഡിഎഫ് ഇത്തവണ പിടിച്ചെടുത്തിരുന്നു. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വൈകിട്ട് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഐഎം ഓഫീസിന് നേരെ കല്ലേറ് ഉണ്ടായെന്ന് പ്രവർത്തകർ ആരോപിക്കുന്നു. തുടർന്നാണ് സിപിഐഎം പ്രവർത്തകർ സംഘടിച്ച് എത്തി ലീഗ് ഓഫീസ് തകർത്തത്.

