മഴക്കെടുതി: ജെബല്‍ ജെയ്സ് താല്‍ക്കാലികമായി അടച്ചു; സിപ്‌ലൈൻ ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ നിര്‍ത്തിവെച്ചു

അബൂദബി: യുഎഇയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജെബല്‍ ജെയ്സ് താല്‍ക്കാലികമായി അടച്ചു. ഡിസംബർ 17 മുതല്‍ 19 വരെ ഉണ്ടായ കനത്ത മഴയെത്തുടർന്ന് സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായാണ് ഈ തീരുമാനം.കനത്ത മഴയെത്തുടർന്ന് മലനിരകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും റോഡുകളില്‍ തടസ്സങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇത് പാറകള്‍ ഇടിഞ്ഞു വീഴാനും വഴികളില്‍ വഴുക്കലുണ്ടാകാനുമുള്ള സാധ്യത വർധിപ്പിക്കുന്നു. ഹൈക്കിംഗ്, ക്ലൈംബിംഗ് മേഖലകള്‍ ഔദ്യോഗികമായി അടച്ചിട്ടില്ല, എന്നാല്‍ തന്നെ പ്രത്യേക സംഘങ്ങള്‍ ഇവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്.

അടച്ചിടല്‍ ജെബല്‍ ജെയ്സിലെ എല്ലാ വിനോദങ്ങളെയും ബാധിച്ചിട്ടുണ്ട്. ജെയ്സ് ഫ്ലൈറ്റ് സിപ്ലൈൻ, 1484 ബൈ പുരോ റെസ്റ്റോറന്റ്, ബിയർ ഗ്രില്‍സ് ക്യാമ്ബ് എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ നിർത്തിവെച്ചിരിക്കുകയാണ്.അസ്ഥിര കാലാവസ്ഥ നിലനില്‍ക്കുന്ന ഈ സമയത്ത് താഴ്വരകളില്‍ (Wadis) താമസിക്കുന്നതും ക്യാമ്ബ് ചെയ്യുന്നതും ഒഴിവാക്കണം. മലകയറ്റത്തിന് എത്തുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
എപ്പോള് തുറക്കും?

അറ്റകുറ്റപ്പണികള്‍ പൂർത്തിയാകുന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി മാത്രമേ വിനോദസഞ്ചാരികള്‍ക്ക് ഇവിടം തുറന്നുകൊടുക്കുകയുള്ളൂ. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയും വെബ്സൈറ്റിലൂടെയും തുറക്കുന്ന തിയതികള്‍ അറിയിക്കുന്നതാണ്.
സന്ദർശകരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും, പർവ്വത നിരകളിലെ പ്രകൃതിഭംഗി നിലനിർത്തിക്കൊണ്ട് തന്നെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
