Fincat

നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ന്യായീകരണവുമായി ഇന്ത്യൻ റെയിൽവേ, അയൽ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിരക്ക് കുറവെന്ന് വാദം


ദില്ലി: ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ന്യായീകരണവുമായി ഇന്ത്യൻ റെയിൽവേ. പുതിയ നിരക്ക് പ്രകാരം, ഓർഡിനറി ക്ലാസിൽ 215 കിലോമീറ്ററിനപ്പുറമുള്ള യാത്രകളിൽ യാത്രക്കാർക്ക് കിലോമീറ്ററിന് 1 പൈസ അധികമായി നൽകണം. മെയിൽ/എക്സ്പ്രസ് നോൺ-എസി, എസി ക്ലാസുകൾക്ക് കിലോമീറ്ററിന് 2 പൈസ അധികമായി നൽകണം. 215 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വർധനയില്ല. അതേസമയം, 500 കിലോമീറ്റർ നോൺ-എസി യാത്രയിലുള്ള യാത്രക്കാർക്ക് അവരുടെ യാത്രയ്ക്ക് 10 രൂപ അധികമായി നൽകണം. ദില്ലി മുംബൈ ഓർഡിനറി ടിക്കറ്റിന് കൂടുക 10 രൂപ, മെയിൽ, എക്സ്പ്രസ് എസി, നോൺ എസി ടിക്കറ്റിന് കൂടുക 30 രൂപയാണ്. ഭൂരിഭാ​ഗം ട്രെയിൻ യാത്രികരും ശരാശരി സഞ്ചരിക്കുന്നത് 154 കിലോമീറ്റർ ദൂരം മാത്രമാണെന്നും ടിക്കറ്റ് വർധന ഭൂരിഭാ​ഗം പേരെയും ബാധിക്കില്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം.

ഒരാൾക്ക് ഒരു കിലോമീറ്റർ യാത്രയ്ക്ക് ചിലവ് 1.38 രൂപമാത്രമാണെന്നും റെയില്‍വേ വിശദീകരിക്കുന്നു. മാത്രമല്ല, 100 രൂപ ചിലവാകുന്ന ട്രെയിൻ യാത്രയിൽ 45 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. 55 രൂപ കൺസഷനാണ്. അയൽ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ട്രെയിൻ ടിക്കറ്റ് നിരക്ക് വളരെ കുറവാണെന്നും 11 വർഷത്തിനിടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് 4 തവണ മാത്രമാണ്, യുപിഎ സർക്കാർ ഒറ്റയടിക്ക് 10 പൈസ വരെ കൂട്ടിയിട്ടുണ്ട്. ചെറിയ നിരക്ക് വർധനവിലൂടെ ലഭിക്കുന്ന വരുമാനം വലിയ വികസന പദ്ധതികൾക്ക് ഉപയോ​ഗിക്കുമെന്നും റെയിൽവേ വ്യക്തമാക്കുന്നു.പ്രതിപക്ഷത്തിന്‍റെ വിമർശനം തള്ളണമെന്നും റെയില്‍വേ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. 

1 st paragraph