1260 റിയാലിന് വര്‍ഷം മുഴുവൻ റിയാദ് മെട്രോയില്‍ സഞ്ചരിക്കാം, സീസണ്‍ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

റിയാദ്: നിശ്ചിത നിരക്കില്‍ ഇളവ് ആനുകൂല്യങ്ങളോടെ വർഷം മുഴുവൻ റിയാദ് മെട്രോയില്‍ സഞ്ചരിക്കൻ അനുവദിക്കുന്ന സീസണ്‍ ടിക്കറ്റുകളുടെ നിരക്കുകള്‍ പ്രഖ്യാപിച്ചു.വാർഷികാടിസ്ഥാനത്തില്‍ എല്ലാ വിഭാഗം യാത്രക്കാർക്കുമുള്ള സീസണ്‍ ടിക്കറ്റ്, വിദ്യാർത്ഥികള്‍ക്കുള്ള സെമസ്റ്റർ ടിക്കറ്റ് എന്നിവയുടെ നിരക്കുകളാണ് വെളിപ്പെടുത്തിയത്.
സ്റ്റാൻഡേർഡ് ക്ലാസിലുള്ള സീസണ്‍ ടിക്കറ്റിന് 1260 റിയാലും ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 3150 റിയാലുമാണ്. 2026 ജനുവരി ഒന്ന് മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഈ സീസണ്‍ ടിക്കറ്റുകള്‍ എടുത്താല്‍ വർഷം മുഴുവൻ എത്ര തവണയും മെട്രോയില്‍ സഞ്ചരിക്കാം. നിലവിലെ നിരക്ക് വെച്ച് നോക്കുേമ്ബാള്‍ ഇത് വളരെ ലാഭകരമാണ്. സീസണ്‍ ടിക്കറ്റുകള്‍ ഡിജിറ്റല്‍ രൂപത്തിലും പ്ലാസ്റ്റിക് കാർഡുകളായും ലഭിക്കുമെന്നും റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ടിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും രജിസ്റ്റർ ചെയ്ത അക്കൗണ്ട് വഴിയാണ് ടിക്കറ്റുകള്‍ വാങ്ങേണ്ടത്.

സ്കൂള്‍-യൂനിവേഴ്സിറ്റി വിദ്യാർഥികള്‍ക്കായി പ്രത്യേക സെമസ്റ്റർ ടിക്കറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ക്ലാസില്‍ മാത്രമാണ് ഈ ടിക്കറ്റ് ലഭിക്കുക. 260 റിയാല്‍ ആണ് ഇതിന്‍റെ നിരക്ക്. ആക്ടിവേറ്റ് ചെയ്ത തീയതി മുതല്‍ നാല് മാസത്തേക്ക് (ഒരു മുഴുവൻ സെമസ്റ്റർ) ഇതിന് കാലാവധിയുണ്ടാകും. ഇവ ഡിജിറ്റല്‍, പ്ലാസ്റ്റിക് രൂപങ്ങളില്‍ ലഭ്യമാണ്. യാത്രക്കാർക്ക് കൂടുതല്‍ എളുപ്പവും ലാഭകരവുമായ യാത്രാ സൗകര്യം നല്‍കാനാണ് ഈ നീക്കമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
