ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ചലച്ചിത്ര പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇന്നലെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കുഞ്ഞുമുഹമ്മദിന് കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. കോടതി നിർദേശ പ്രകാരം സ്റ്റേഷൻ ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.
രാജ്യാന്തര ചലച്ചിത്ര മേളയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ജൂറി ചെയർമാനായിരുന്ന പി.ടി.കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് സംവിധായികയുടെ പരാതി. നവംബർ 27ന് സംവിധായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഡിസംബർ എട്ടിനാണ് പൊലീസ് കേസെടുത്തത്.

എന്നാൽ പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പ് പറയാൻ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. പൊലീസിനോട് ഇത് തന്നെയാണ് പിടി കുഞ്ഞുമുഹമ്മദ് ആവര്‍ത്തിച്ചത്.
