‘അവര്‍ മക്കളെ മദ്യം കൊടുത്താണോ വളർത്തുന്നത്? ആക്രമണത്തേക്കാൾ വേദനിപ്പിച്ചത് ബിജെപിയുടെ അധിക്ഷേപം’

പാലക്കാട്: കരോൾ സംഘത്തിനെതിരായ ആർഎസ്എസ് പ്രവർത്തകന്റെ ആക്രമണത്തിൽ പ്രതികരണവുമായി കരോൾ സംഘത്തിലെ കുട്ടികളുടെ രക്ഷിതാക്കൾ. ആക്രമണത്തേക്കാൾ വേദനിപ്പിച്ചത് ബിജെപി നേതാക്കളുടെ അധിക്ഷേപമാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.

ബിജെപി നേതാക്കളുടെ അധിക്ഷേപം കുട്ടികൾക്ക് വലിയ വേദനയുണ്ടാക്കി. സ്കൂളിൽ പോവാൻ പോലും പറ്റാത്ത അവസ്ഥയാണ്. എല്ലാ കുട്ടികളും 15 വയസ്സിൽ താഴെയുള്ളവരാണെന്നും രാഷ്ട്രീയം പോലും അറിയാത്ത കുട്ടികളാണെന്നും രക്ഷിതാക്കൾ പ്രതികരിച്ചു.
കുട്ടികൾ മദ്യം കഴിച്ചിട്ടാണ് കരോളിന് എത്തിയതെന്ന പരമാര്‍ശം വേദന ഉണ്ടാക്കി. അവർക്കും പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികൾ ഉണ്ടാവില്ലേ എന്നും അവരെ മദ്യം കൊടുത്തണോ വളർത്തുന്നതെന്നും രക്ഷിതാക്കൾ ചോദിച്ചു. സംഭവത്തിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പുതുശ്ശേരി സുരഭി നഗറില്‍ വെച്ച് കരോള്‍ സംഘത്തെ ആർഎസ്എസ് പ്രവർത്തകനായ അശ്വിന്‍ രാജ് ആക്രമിച്ചത്. കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ പ്രതി ആക്രമിക്കുകയായിരുന്നു. കരോളിന് ഉപയോഗിച്ച ഡ്രമ്മില്‍ സിപിഐഎം എന്നെഴുതിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സുരഭിനഗര്‍ എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു സംഭവം. പ്രതി ചോദ്യം ചെയ്തതോടെ കുട്ടികള്‍ ഡ്രം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.
തിരിച്ചെത്തിയപ്പോള്‍ അവ തകര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് കസബ പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു. പിന്നാലെ പൊലീസ് അശ്വിന്‍രാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ മറ്റ് രണ്ട് പേരും അശ്വിനൊപ്പമുണ്ടായിരുന്നു.
