മെല്‍ബണില്‍ രണ്ടാം ദിനവും വിക്കറ്റ് മഴ; ഓസീസ് രണ്ടാം ഇന്നിങ്സില്‍ ഓള്‍ ഔട്ട്; ഇംഗ്ലണ്ടിന് ആശ്വാസ ജയമോ?

മെല്‍ബണില്‍ നടക്കുന്ന ആഷസ് പരമ്ബരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനവും വിക്കറ്റ് മഴ. ആദ്യ ദിനം ഇരു ടീമുകളുടെയും പത്ത് വിക്കറ്റുകള്‍ വീണ മത്സരത്തില്‍ രണ്ടാം ദിനത്തില്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്സില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായി.42 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഓസീസിന് ആകെ 174 റണ്‍സിന്റെ ലീഡാണ് ഉള്ളത്.
രണ്ടാം ഇന്നിങ്സില്‍ ഓസീസ് നിരയില്‍ ട്രാവിസ് ഹെഡ് (46 ), സ്റ്റീവ് സ്മിത്ത് (24 ) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ബ്രെയ്‌ഡൻ കാർസ് നാല് വിക്കറ്റും ബെൻ സ്റ്റോക്സ് മൂന്ന് വിക്കറ്റും നേടി.
ആദ്യദിനത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ വെറും 152 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി പേസര്‍ ജോഷ് ടംഗ് അഞ്ച് വിക്കറ്റുകളുമായി തിളങ്ങി. ഓസ്ട്രേലിയയ്ക്ക് വേണ്ടി 35 റണ്‍സുമായി മൈക്കല്‍ നസ്സര്‍, 29 റണ്‍സുമായി ഉസ്മാന്‍ ഖവാജ എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് പടയെ 110 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് ഇംഗ്ലണ്ട് മറുപടി പറഞ്ഞത്. ഇതോടെ ഒന്നാം ഇന്നിങ്സില്‍ 42 റണ്‍സിന്റെ ലീഡും ഓസീസ് സ്വന്തമാക്കി. 34 പന്തില്‍ 41 റണ്‍സുമായി ഹാരി ബ്രൂക്കും 35 പന്തില്‍ 28 റണ്‍സുമായി ഗസ് അറ്റ്കിന്‍സനും മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മൈക്കല്‍ നെസ്സര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സ്‌കോട്ട് ബോളണ്ട് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് വീതവും സ്വന്തമാക്കി.
