ഒന്നാം ഭാഗത്തിന്റെ പാറ്റേണില്‍ ആണ് ‘ദൃശ്യം 3’ ഒരുങ്ങുന്നത്, കുറച്ചുകൂടി ഇമോഷണല്‍ ആണ്: ജീത്തു ജോസഫ്

മലയാളത്തില്‍ ത്രില്ലർ സിനിമകള്‍ക്ക് പുതിയൊരു ബെഞ്ച്മാർക്ക് നല്‍കിയ ചിത്രമായിരുന്നു മോഹൻലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’.പ്രധാന കഥാപാത്രങ്ങളായ ജോർജ്ജ് കുട്ടിയെയും കുടുംബത്തെയും ഏറ്റെടുത്ത പോലെ തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് റിപ്പോർട്ടറിനോട് മനസുതുറക്കുകയാണ് ജീത്തു ജോസഫ്. രണ്ടാം ഭാഗം പോലെ ആയിരിക്കില്ല ദൃശ്യം 3 എന്നും ഒന്നാം ഭാഗത്തിന്റെ പാറ്റേണില്‍ ആണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു.
‘ദൃശ്യം ഒന്നാം ഭാഗം പോലെ അല്ലായിരുന്നു രണ്ടാം ഭാഗം. ഇനി രണ്ടാം ഭാഗം പോലെയേ അല്ല മൂന്നാം ഭാഗം. കുറച്ചുകൂടി ഇമോഷണല്‍ ആയിരിക്കും മൂന്നാം ഭാഗം. ജോർജ്കുട്ടിയുടെ കുടുംബത്തില്‍ ഇനി എന്തൊക്കെ സംഭവിക്കാം എന്ന കാര്യങ്ങള്‍ ആണ് കാണിക്കുന്നത്. ആ കഥാപാത്രങ്ങളുടെ ഐഡന്റിറ്റി ഞങ്ങള്‍ നിലനിർത്തുന്നുണ്ട്. ഇല്ലെങ്കില്‍ കാര്യമുണ്ടാകില്ല. അതിനുള്ള ചില കാര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്റെ എഫർട്ട്. രണ്ടാം ഭാഗത്തില്‍ ഒരു നരേറ്റിവ് പാറ്റേണ്‍ ഉണ്ടായിരുന്നു എന്നാല്‍ മൂന്നാം ഭാഗം അങ്ങനെയല്ല. ഒന്നാം ഭാഗത്തിന്റെ പാറ്റേർണില്‍ ആണ് ദൃശ്യം 3 ഒരുങ്ങുന്നത് എന്ന് വേണമെങ്കില്‍ പറയാം’, ജീത്തു ജോസഫിന്റെ വാക്കുകള്‍.

ദൃശ്യം 3യുടെ ലോകമെമ്ബാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും സൂപ്പർ ഹിറ്റായിരുന്നു. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോർഡുകളുമാണ് തകർത്തെറിഞ്ഞത്. 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനില്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

