Fincat

ആരവല്ലിയിലെ ആശങ്കകള്‍; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി


ന്യൂഡല്‍ഹി: ആരവല്ലി കുന്നുകളുടെ പുതിയ നിര്‍വചനവുമായി ബന്ധപ്പെട്ടുള്ള ആശങ്കകളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി.പുതിയ നിര്‍വചനം അനിയന്ത്രിതമായ ഖനനത്തിനും പാരിസ്ഥിതിക തകര്‍ച്ചയ്ക്കും വഴിയൊരുക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് എ ജി മസിഹ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. നാളെ വിഷയം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

സുപ്രീം കോടതിയുടെ തന്നെ പുതിയ നിര്‍വചനത്തിന് പിന്നാലെ വന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. നവംബറിലാണ് സുപ്രീം കോടതി ആരവല്ലിയുടെ നിര്‍വചനം പുതുക്കിയ വിധി പുറപ്പെടുവിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, എന്‍ വി അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ച് പരിസ്ഥിതി-വന-കാലാവസ്ഥാ വകുപ്പ് മന്ത്രാലയത്തിന്റെ കമ്മിറ്റി ശുപാര്‍ശ ചെയ്ത നിര്‍വചനം അംഗീകരിക്കുകയായിരുന്നു.

1 st paragraph

രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലായി 700 കിലോമീറ്ററോളം വ്യാപിച്ച്‌ നില്‍ക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മലനിരകളില്ലൊന്നാണ് ആരവല്ലി മലനിരകള്‍. ഭൂനിരപ്പില്‍ നിന്ന് നൂറ് മീറ്ററോ അതില്‍ കൂടുതലോ ഉയരത്തിലുള്ളതോ, 500 മീറ്ററിനുള്ളില്‍ അകലം വരുന്ന രണ്ടോ അതില്‍ കൂടുതലോ കുന്നുകളും അവയ്ക്കിടയില്‍ വരുന്ന ഭൂപ്രദേശവുമാണ് ആരവല്ലി കുന്നുകളായി കണക്കാക്കുയെന്നതായിരുന്നു സുപ്രീം കോടതിയുടെ പുതിയ നിര്‍വചനം. ഈ നിര്‍വചനത്തില്‍ പെടാത്തവയെ ആരവല്ലി കുന്നുകളായി കണക്കാക്കില്ല.

ഇതുവരെ ഭൂനിരപ്പിന് 30 മീറ്റര്‍ ഉയരത്തിലുള്ള, നാല് ഡിഗ്രി ചെരിവുള്ള ഏതൊരു ഭൂപ്രതലവും കുന്ന് ആയാണ് കണക്കാക്കപ്പെട്ടിരുന്നത്. രാജസ്ഥാനിലെ 15 ജില്ലകളിലായി 20 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള 12,081 കുന്നുകള്‍ ഉണ്ട്. 1048 കുന്നുകള്‍ മാത്രമേ 100 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളു. ഇങ്ങനെ വരുമ്ബോള്‍ പുതിയ നിര്‍വചനം പ്രകാരം ആരവല്ലി കുന്നുകളുടെ ഏകദേശം 90 ശതമാനത്തിനും സംരക്ഷിത പദവി നഷ്ടപ്പെടും.

2nd paragraph

അതുകൊണ്ട് പുതിയ നിര്‍വചനം പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് രാഷ്ട്രീയ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരുമടക്കം നടത്തിയത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഇത് വലിയ പ്രതിഷേധമായി ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തിന് പിന്നാലെ മലനിരകളില്‍ ഖനനത്തിനായി പുതിയ അനുമതികള്‍ നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് മലനിരകള്‍ നാല് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാനും നിര്‍ദ്ദേശമുണ്ട്.

മരുവത്കരണം വടക്കന്‍ ഇന്ത്യയിലേക്ക് വ്യാപിക്കുന്നത് തടയുന്ന സ്വാഭാവിക മതിലായാണ് ആരവല്ലി പ്രവര്‍ത്തിക്കുന്നത്. ഥാര്‍ മരുഭൂമിയില്‍ നിന്നുള്ള പൊടിക്കാറ്റ് തടയുന്നതിലും ആരവല്ലിക്ക് വലിയ പ്രാധാന്യമുണ്ട്. ഭൂമി മരുഭൂമിയായി മാറുന്നത് തടയുന്നതിനും ഭൂഗര്‍ഭജലത്തെ പുനസ്ഥാപിക്കുന്നതിലും മറ്റും ചെറിയ കുന്നുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്. ചമ്ബല്‍, സബര്‍മതി,ലൂനി നദികളില്‍ നീരുറവ നിലനിര്‍ത്തുന്നതിനും ഈ കുന്നുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.