Fincat

പുതിയ 2 വിമാനക്കമ്ബനികള്‍ കൂടെ: ഒന്നിന്‍റെ ആസ്ഥാനം കേരളം; യുഎഇ റൂട്ടില്‍ ടിക്കറ്റ് നിരക്ക് കുറയുമോ?


ഇന്ത്യൻ വ്യോമയാന മേഖലയില്‍ കൂടുതല്‍ മത്സരം കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായി രണ്ട് പുതിയ വിമാനക്കമ്ബനികള്‍ക്ക് അനുമതി നല്‍കി.കേരളം ആസ്ഥാനമായുള്ള അല്‍ഹിന്ദ് ഗ്രൂപ്പിന്റെ അല്‍ഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ കമ്ബനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നല്‍കി. പുതിയ കമ്ബനികള്‍ കൂടെ സർവ്വീസ് നടത്തുന്നതോടെ ഇതോടെ ഇന്ത്യ-യു.എ.ഇ റൂട്ടുകളില്‍ വിമാന ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്. ഇൻഡിഗോയുടെ സമീപകാല പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ തീരുമാനം. നിലവില്‍ ഇന്ത്യയില്‍ 9 ഷെഡ്യൂള്‍ഡ് ആഭ്യന്തര വിമാനക്കമ്ബനികള്‍ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതില്‍ തന്നെ ഇൻഡിഗോയും എയർ ഇന്ത്യ ഗ്രൂപ്പും ചേർന്ന് 90 ശതമാനത്തിലധികം വിപണി പങ്കാളിത്തം നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളത്.

1 st paragraph

ആദ്യഘട്ടത്തില്‍ ആഭ്യന്തര സർവീസുകളാകും അല്‍ഹിന്ദ് എയറിന്റേത്. കൊച്ചി ആസ്ഥാനമാക്കി എടിആർ ടർബോപ്രോപ്പ് വിമാനങ്ങള്‍ ഉപയോഗിച്ച്‌ തെക്കൻ ഇന്ത്യൻ നഗരങ്ങളിലേക്ക് (കൊച്ചി, ബെംഗളൂരു, തിരുവനന്തപുരം, ചെന്നൈ തുടങ്ങിയവ) സർവീസ് ആരംഭിക്കാനാണ് പദ്ധതി. വൈകാതെ അന്താരാഷ്ട്ര സർവീസുകളിലേക്ക് വ്യാപിക്കും. യുഎഇ ആദ്യ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാകുമെന്നാണ് സൂചന. ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്ബനി.

സമാനമായ രീതിയിലാണ് ഫ്ലൈ എക്സ്പ്രസിന്റെയും പദ്ധതി . പ്രാദേശിക സർവീസുകള്‍ക്ക് ശേഷം അന്താരാഷ്ട്ര റൂട്ടുകളിലേക്ക് കടക്കും. എന്നാല്‍ ഇരു കമ്ബനികളും ഫ്ലീറ്റ് വിശദാംശങ്ങളോ സർവീസ് തീയതിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എ.ഒ.സി) ലഭിച്ച ശേഷം മാത്രമേ വാണിജ്യ സർവീസുകള്‍ ആരംഭിക്കാനാകൂ. 2026ല്‍ സർവീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ.

2nd paragraph

പുതിയ കമ്ബനികളുടെ വരവോടെ സീറ്റുകളുടെ എണ്ണം കൂടുമെന്നും ഇത് ടിക്കറ്റ് നിരക്ക് കുറയാൻ ഇടയാക്കുമെന്നുമാണ് വിലയിരുത്തല്‍. പ്രത്യേകിച്ച്‌ യുഎഇ-ഇന്ത്യ റൂട്ടുകളില്‍ നിലവില്‍ ഉയർന്ന നിരക്കാണ്. ഇത് കാരണം ക്രിസ്മസ്-ന്യൂ ഇയർ അവധിക്ക് നാട്ടിലേക്ക് വരാതെ പോയ പ്രവാസികളും ഏറെയാണ്. നിലവില്‍ ഈ റൂട്ടുകളില്‍ 10ഓളം വിമാനക്കമ്ബനികള്‍ മാത്രമാണ് നേരിട്ട് സർവീസ് നടത്തുന്നത്.

എന്നാല്‍ ട്രാവല്‍ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് സർവീസുകള്‍ ആരംഭിച്ച ശേഷം മാത്രമേ നിരക്കില്‍ കാര്യമായ മാറ്റമുണ്ടാകൂ എന്നാണ്. എത്രത്തോളം കുറവുണ്ടാകുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാകില്ല. അതേസമയം പുതിയ കമ്ബനികളുടെ വരവ് വ്യോമയാന മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കുമെന്നത് തീർച്ച. പ്രവാസികള്‍ക്ക് ഇത് ആശ്വാസകരമായ വാർത്തയാണ്.