ദളപതിയുടെ അവസാന വിളയാട്ടം ഏറ്റവുമാദ്യം കാണണ്ടേ; ജനനായകന്റെ കേരളത്തിലെ ആദ്യ ഷോയുടെ സമയം പുറത്ത്

സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രം തിയേറ്ററില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ജനനായകൻ കാണാൻ കാത്തിരിക്കുന്നവർ ഏറെയാണ്.
കേരളത്തിലെ ദളപതി ഫാൻസ് അതിഗംഭീരമായാണ് വിജയ് സിനിമകളുടെ റിലീസ് ദിനം ആഘോഷിക്കാറുള്ളത്. പുലർച്ച മുതലുള്ള ഷോകളും തിയേറ്ററിന് പുറത്ത് ഉയരുന്ന വമ്ബൻ ഫ്‌ളക്‌സുകളുമായി ആഘോഷം പൊടിപൊടിക്കും. സാധാരണ നാല് മണിക്ക് തന്നെ കേരളത്തിലും വിജയ് ചിത്രങ്ങളുടെ ഫാൻസ് ഷോ തുടങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ അതില്‍ മാറ്റം വന്നിരിക്കുകയാണ്.
ജനനായകന്റെ ആദ്യ ഷോ ജനുവരി 9ന് രാവിലെ ആറ് മണിക്ക് ആകുമെന്ന് അറിയിച്ചിരിക്കുകയാണ് വിതരണക്കാർ. നാല് മണിക്ക് ഷോ നടത്താൻ ശ്രമിച്ചെന്നും എന്നാല്‍ തമിഴ്‌നാട്ടില്‍ അനുമതി ലഭിച്ചില്ലെന്നും എസ്‌എസ്‌ആർ എന്റർടെയ്ൻമെന്റ് അറിയിച്ചു.

നാല് മണിക്ക് ഷോ നടത്താനാകുമെന്ന രീതിയില്‍ വിജയ് ഫാൻസ് കേരളത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. സമയം മാറ്റം കൊണ്ടുണ്ടായ ബുദ്ധിമുട്ടികളില്‍ ക്ഷമിക്കണമെന്ന് എസ്‌എസ്‌ആർ ആരാധകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സിനിമയ്ക്ക് എല്ലാ പിന്തുണയും നല്‍കി വൻ വിജയമാക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നുവെന്നും വിതരണക്കാർ പങ്കുവെച്ച വാർത്താക്കുറിപ്പില്‍ പറയുന്നു.
ജനുവരി 9ന് പൊങ്കല്‍ റിലീസായാണ് ജനനായകൻ തിയേറ്ററുകളിലെത്തുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണെന്ന് പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ചില്‍ വെച്ച് ഈ പ്രചാരണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്ന് വിനോദ് അറിയിച്ചു. സിനിമ 100 ശതമാനം ഒരു ദളപതി ചിത്രമായിരിക്കും എന്നാണ് വിനോദ് അറിയിച്ചത്.
ജനനായകന്റെ പോസ്റ്ററുകളും പാട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചില പോസ്റ്ററുകള്‍ ശ്രദ്ധ നേടിയെങ്കിലും പാട്ടുകള്‍ വേണ്ടത്ര ശ്രദ്ധ നേടിയില്ല എന്നാണ് വിലയിരുത്തലുകള്‍. സിനിമ പുറത്തിറങ്ങുന്നതോടെ ഇവയെല്ലാം വീണ്ടും ട്രെൻഡാകുമെന്നാണ് വിജയ് ആരാധകരുടെ പക്ഷം.

വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്ബൻ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.
