ബെംഗളൂരു വിമാനത്താവളത്തിലേക്ക് മെട്രോ വരുന്നു: നിര്‍ണായക പ്രഖ്യാപനവുമായി ബിഎംആര്‍സിഎല്‍

ബെംഗളൂരു: യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിമാനത്താവള മെട്രോ ലൈൻ 2027-ന്റെ അവസാനത്തോടെ പ്രവർത്തനക്ഷമമാക്കാനുള്ള ലക്ഷ്യം പ്രഖ്യാപിച്ച് ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ്.വിമാനത്താവള മെട്രോ പദ്ധതി പൂർത്തിയാകുമ്ബോഴേക്കും ബെംഗളൂരുവിന്റെ മെട്രോ നെറ്റ്‌വർക്ക് ആകെ 175 കിലോമീറ്റർ വരെ വ്യാപിക്കും. ഇത് നഗരത്തിന്റെ മെട്രോ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വികസനവുമായിരിക്കും.
ബാംഗ്ലൂർ ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ് (BCIC) യും ടെറി (TERI) യും സംയുക്തമായി സംഘടിപ്പിച്ച ‘Sustainability in Action: Bengaluru’s Urban Challenge’ എന്ന പാനല്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്ന ബിഎംആർസിഎല്‍ സിവില്‍ അഡ്വൈസർ അഭൈ കുമാർ റായ് ആണ് ആളുകള്‍ ഏറെ നാളായി കാത്തിരിക്കുന്ന പ്രഖ്യാപനം നടത്തിയത്. ആകെ 58.19 കിലോമീറ്റർ നീളമാണ് വിമാനത്താവള മെട്രോയ്ക്കുള്ളത്.

രണ്ട് ഘട്ടമായിട്ടാണ് വിമാനത്താവളത്തിലേക്കുള്ള മെട്രോയുടെ നിർമ്മാണം. ഫേസ് 2A (സെൻട്രല്‍ സില്‍ക്ക് ബോർഡ് മുതല്‍ കെആർ പുരം വരെ 19.75 കി.മീ) 2026 ഡിസംബറോടെ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. ഫേസ് 2B (കെആർ പുരം മുതല്‍ കെമ്ബഗൗഡ ഇന്റർനാഷണല്‍ എയർപോർട്ട് വരെ 38.44 കി.മീ) 2027 അവസാനത്തോടെ പൂർത്തിയാകും.
ഫേസ്-3 (44 കി.മീ) നിർമാണം നിലവില്‍ പുരോഗമിക്കുകയാണെന്ന് ബെംഗളൂരു മെട്രോയുടെ വികസന പദ്ധതികള്‍ വിശദീകരിച്ചുകൊണ്ട് അഭൈ കുമാർ റായ് പറഞ്ഞു. ഫേസ്-3A (36 കി.മീ) യുടെ ഡീറ്റെയില്‍ഡ് പ്രോജക്‌ട് റിപ്പോർട്ടുകള്‍ (DPRs) തയ്യാറാക്കി അനുമതിക്കായി കാത്തിരിക്കുന്നു. ഭാവിയില്‍ 200 കിലോമീറ്ററിലധികം പുതിയ കോറിഡോറുകള്‍ക്കായി ഫീസിബിലിറ്റി പഠനങ്ങള്‍ നടക്കുന്നുണ്ട്. മെട്രോ പ്രവർത്തനങ്ങളില്‍ റിജനറേറ്റീവ് ബ്രേക്കിംഗ് പോലുള്ള ഊർജ്ജക്ഷമത സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് 30 ശതമാനത്തിലധികം ഊർജ്ജം ലാഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാനല്‍ ചർച്ചയില്‍ മൊബിലിറ്റി, ജലം, കാലാവസ്ഥ, ഇൻഫ്രാസ്ട്രക്ചർ മേഖലകളിലെ വിദഗ്ധർ പങ്കെടുത്തു. നഗരത്തിലെ ട്രാഫിക് ജാമുകള്‍, ജലക്ഷാമം, നിയന്ത്രണങ്ങളുടെ നടപ്പാക്കല്‍ പോരായ്മകള്‍ തുടങ്ങിയ വെല്ലുവിളികളാണ് ചർച്ചയായത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെടുത്തിയ ഉത്തരവാദിത്തപരമായ വികസനം ബെംഗളൂരുവിന്റെ സവിശേഷത വർധിപ്പിക്കുമെന്ന് ബിസിഐസി സസ്റ്റെയ്‌നബിലിറ്റി എക്‌സ്പേർട്ട് കമ്മിറ്റി ചെയർമാൻ രാജേഷ് കുമാർ ഝാ ചൂണ്ടിക്കാട്ടി.
