ഏണിവെച്ച് വീട്ടിനുള്ളില്‍ കയറി കള്ളന്‍, ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല മോഷ്ടിച്ചു

മലപ്പുറം കരുളായിയില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ചു. പള്ളിക്കുന്നിലെ പാറക്കല്‍ അഷ്‌റഫിന്റെ പുലര്‍ച്ചെ കള്ളന്‍ കയറിയത്. മറ്റൊരു വീട്ടില്‍ നിന്ന് ഏണി കൊണ്ടുവന്ന് രണ്ടാംനിലയിലെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് വീട്ടിനകത്തേക്ക് കയറിയത്.

ഒരൊറ്റമുണ്ട് കഴുത്തിലൂടെ കെട്ടി, മുഖം മറയ്ക്കാന്‍ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന തൊപ്പി ധരിച്ചായിരുന്നു കള്ളന്റെ വരവ്. പുലര്‍ച്ചെ രണ്ട് മണിയോട് അടുത്ത നേരത്ത് കരുളായി പള്ളിക്കുന്നിലെ പാറക്കല്‍ അഷ്‌റഫിന്റെ വീട്ടിലെത്തിയ കള്ളന്‍ മുക്കും മൂലയും നടന്ന് നിരീക്ഷിച്ചു. വീട്ടിനകത്തേക്ക് കയറാന്‍ താഴെ നിന്ന് വഴിയൊത്തില്ല. കള്ളന്‍ പക്ഷേ, പോംവഴി കണ്ടെത്തി. തൊട്ടപ്പുറത്ത വീട്ടില്‍ നിന്ന് കോണി കൊണ്ടുവന്നു. രണ്ടാം നിലയിലേക്ക് കയറി. അവിടുത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറി.
അലമാരകള്‍ എല്ലാം വലിച്ചിട്ടെന്ന് വീട്ടുകാര്‍ പറയുന്നു. കഴുത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ചതിന് പിന്നാലെ യുവതി ബഹളം വെച്ചു. വീട്ടുകാര്‍ ഉടനെ അയല്‍വാസികളെ വിളിച്ചു. പക്ഷേ, അപ്പോളേക്കും കള്ളന്‍ ഓടിരക്ഷപ്പെട്ടു. വൈകാതെ പൊലീസുമെത്തി പരിശോധിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമീപ പ്രദേശങ്ങളായ കുറ്റമ്പാറ, വലമ്പുറം ഭാഗങ്ങളിലും മോഷണം പതിവെന്ന് നാട്ടുകാര്‍ പറഞ്ഞു. പൂക്കോട്ടുപാടം പൊലീസ് അന്വേഷണം തുടങ്ങി.

