ജലവിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം; വാട്ടര്‍ ടാങ്കറുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി സൗദി

സൗദി അറേബ്യയില്‍ ജലവിതരണ ശൃംഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി വാട്ടര്‍ ടാങ്കറുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി ജല അതോറിറ്റി.തലസ്ഥാന നഗരമായ റിയാദിലെ വിവിധ മേഖലകളിലാണ് പരിശോധന. നിയമലംഘനം നടത്തുന്ന ടാങ്കറുകള്‍ക്കും അവര്‍ക്ക് സഹായം ചെയ്യുന്ന ഫില്ലിങ് സ്റ്റേഷനുകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജല അതോറിറ്റി മുന്നറിയിപ്പ് നല്കി.
ഔദ്യോഗിക അനുമതിയില്ലാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍, അതോറിറ്റിയുടെ ഔദ്യോഗിക ലോഗോ പ്രദര്‍ശിപ്പിക്കാത്ത ടാങ്കറുകള്‍, ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ടാങ്കറുകള്‍, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ടാങ്കറുകള്‍ എന്നിവ പിടിച്ചെടുക്കും. ജലസേവനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജല അതോറിറ്റി വ്യക്തമാക്കി. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ടാങ്കറുകള്‍ വിതരണ ശൃംഖലയുടെ സുരക്ഷ, പരിസ്ഥിതി, ഗതാഗത സുരക്ഷ എന്നിവയ്ക്ക് ഭീഷണിയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

