ഇത് ചരിത്രം; വീട്ടിലിരുന്ന് അറബിക് പോസ്റ്റര്‍ മത്സരത്തില്‍ മത്സരിച്ച സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്

തൃശ്ശൂര്‍: വീട്ടിലിരുന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് പോസ്റ്റര്‍ രചന വിഭാഗത്തില്‍ മത്സരിച്ച സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്.എച്ച്‌എസ് വിഭാഗം അറബിക് പോസ്റ്റര്‍ മത്സരത്തിലാണ് വിജയിച്ചത്. കാസര്‍കോട് പടന്ന വി കെ പി കെ എച്ച് എം എം ആര്‍ വി എച്ച്‌എസ്‌എസിലെ വിദ്യാര്‍ത്ഥിയാണ് സിയ. സംസ്ഥാന സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ ഇതാദ്യമായാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒരു വിദ്യാര്‍ത്ഥി മത്സരത്തില്‍ പങ്കെടുക്കുന്നത്.
‘വാസ്‌കുലൈറ്റിസ്’ എന്ന ഗുരുതര രോഗം കാരണം കലോത്സവ വേദിയില്‍ എത്താന്‍ സിയക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ഇത് പരിഗണിച്ചാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ അവസരം ഒരുങ്ങിയത്. വിദ്യാഭ്യാസ വകുപ്പാണ് പ്രത്യേക അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കിയത്.

ഇന്നലെ രാത്രി കൈറ്റ് അധികൃതര്‍ പടന്നയിലെ വീട്ടിലെത്തി ഓണ്‍ലൈന്‍ മത്സരത്തിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച മത്സരം 12 മണിയോടെയാണ് അവസാനിച്ചത്. പുസ്തകമേള എന്നതായിരുന്നു വിഷയം.
രക്തക്കുഴലുകള്‍ക്കുണ്ടമായ വീക്കമാണ് വാസ്‌കുലൈറ്റിസ്. ഇത് ധമനികളെയും സിരകളെയും ബാധിച്ചേക്കാം. മനുഷ്യ ശരീരത്തിലെ അവയവങ്ങളിലേക്കും കോശങ്ങളിലേക്കുമുള്ള സാധാരണ രക്തപ്രവാഹത്തെ ഇത് തടസ്സപ്പെടുത്തുന്നു.

