40 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന റഫീഖ് അഹമ്മദിന് യാത്രയപ്പ് നല്‍കി ബഹ്റൈൻ കണ്ണൂര്‍ സിറ്റി

നാല് പതിറ്റാണ് നീണ്ട ബഹ്റൈനിലെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന റഫീഖ് അഹമ്മദിന് യാത്രയയപ്പും ബഹ്‌റൈനിലെ മർകസ് ആലിയയില്‍ നിന്നും ഖുർആൻ മനപാഠമാക്കിയ അവരുടെ മകള്‍ ഹാഫിളത് ന്ജദ റഫീഖിനുള്ള അഭിനന്ദന ചടങ്ങും നടന്നു.പ്രവാസജീവിതത്തില്‍ സ്വീകരിക്കേണ്ടതും പാലിക്കേണ്ടതുമായ നല്ല ശീലങ്ങളും മറ്റുള്ളവരുടെ കണ്ണുനീർതുടക്കാനുള്ള മനസ്സും ഉണ്ടാകുമ്ബോഴേ ജീവിതം വിജയവും നന്മയുള്ളതുമാവുകയുള്ളുവെന്ന് ‘ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും’ എന്ന പ്രവാചക വചനം ഉദ്ധരിച്ചു കൊണ്ട് റഫീഖ് അഹമ്മദ് സംസാരിച്ചു.
മത-ഭൗദ്ധിക വിദ്യാഭ്യാസം നല്‍കുക വഴി മികച്ച പൗരന്മാരെ വാർത്തെടുക്കുന്നതില്‍ മാതാപിതാക്കള്‍ക്കുള്ള ഉത്തരവാദിത്തവും പങ്കും വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ പ്രവർത്തകരായ ഫസല്‍ ബഹ്‌റൈൻ, നൂർ മുഹമ്മദ് എന്നിവർ സംസാരിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങള്‍ ചേർന്ന് റഫീഖ് അഹമ്മദിനെയും വനിത വിംഗ് അഡ്മിനുമാർ ന്ജദ റഫീഖിനെയും മൊമെന്റോ നല്‍കി ആദരിച്ചു. റയീസ് എം ഇ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നസീർ പി കെ സ്വാഗതവും ഫൈസൂഖ് ചാക്കാൻ നന്ദിയും പറഞ്ഞു.
