ട്രെയിൻ യാത്രയില്‍ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടോ?; സുരക്ഷ ഉറപ്പാക്കാൻ പുതിയ ആപ്പുമായി പൊലീസ്

തിരുവനന്തപുരം: ട്രെയിനില്‍ പോകുമ്ബോള്‍ ഇനി സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ട. കേരള റെയില്‍വേ പൊലീസിന്റെ സേവനങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി ആരംഭിച്ച റെയില്‍ മൈത്രി ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജില്‍ നടന്ന ചടങ്ങില്‍വച്ചായിരുന്നു ഉദ്ഘാടനം. ആധുനിക സാങ്കേതികവിദ്യ കൂടി ഉപയോഗപ്പെടുത്തിയാണ് പുതിയ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുക.
ട്രെയിന്‍ യാത്രയ്ക്കിടെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ ദൃക്‌സാക്ഷികളാകുന്ന യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കുക എന്നതാണ് പുതിയ ആപ്ലിക്കേഷന്റെ പ്രാഥമിക ലക്ഷ്യം. ദൃക്‌സാക്ഷികളുടെ ജീവനും സ്വത്തിനും സ്വകാര്യതയ്ക്കും കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. റെയില്‍ മൈത്രി ആപ്പിനെ കേരള പൊലീസിന്റെ പോല്‍ ആപ്പുമായി സംയോജിപ്പിച്ചിട്ടുണ്ട്. ആപ്പില്‍ ആദ്യഘട്ടത്തില്‍ അഞ്ച് സേവനങ്ങളായിരിക്കും ലഭ്യമാവുക.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍
ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്ബോള്‍ പല കാരണങ്ങള്‍ കൊണ്ട് പേടിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സഹായം ആവശ്യപ്പെടുന്ന യാത്രക്കാരെ റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കാണുകയും ആവശ്യമായ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.

പ്ലാറ്റ്‌ഫോം പരിസരത്തുള്ള കടകള്‍
ട്രെയിനില്‍ ഇരുന്ന് കൊണ്ട് തന്നെ അടുത്ത സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലെ ഭക്ഷണശാലകള്‍, മറ്റ് ഷോപ്പുകള്‍ എന്നിവയുടെ വിവരം അറിയാന്‍ കഴിയുന്നു.
രഹസ്യ വിവരങ്ങള്‍
ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സ്വയം സുരക്ഷയുമായോ മറ്റുള്ള യാത്രക്കാരുമായോ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ പൊലീസിനെ അറിയിക്കാം. ഇത് യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നു.
നഷ്ടപ്പെട്ട സാധനങ്ങള്‍ വീണ്ടെടുക്കാന്‍
ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ടപ്പെട്ട സാധനങ്ങള്‍ പലപ്പോഴും തിരികെ ലഭിക്കാത്ത സാഹചര്യമുണ്ട്. എന്നാല്‍ ഈ സാഹചര്യം മറികടക്കുന്നതിനായി കേരള റെയില്‍വേ പൊലീസിന്റെ സഹായം റെയില്‍ മൈത്രി ആപ്പിലൂടെ ലഭ്യമാകും. ട്രെയിനില്‍ നിന്നും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കുന്നതിനായി ഈ വസ്തുക്കളുടെ ചിത്രങ്ങള്‍ ആപ്പില്‍ പ്രദര്‍ശിപ്പിക്കും. വസ്തുക്കളോടൊപ്പം അത് ലഭിച്ച സ്ഥലം,തിയതി, ട്രെയിന്‍ കൂടാതെ ഇപ്പോള്‍ എവിടെ സൂക്ഷിച്ചിരിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇത് നഷ്ടപ്പെട്ട വസ്തുക്കള്‍ യാത്രക്കാര്‍ക്ക് തിരികെ ലഭിക്കുന്നതിന് സഹായിക്കും.
അപകടങ്ങള്‍ അറിയിക്കാം
ട്രെയിനിനകത്ത് നടക്കുന്ന വിവിധ സംഭവങ്ങളെ കുറിച്ച് പൊലീസില്‍ വിവരം അറിയിക്കാന്‍ ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ട്രെയിനിന്റെ ഉള്‍വശം, പ്ലാറ്റ്‌ഫോം, ട്രാക്ക് എന്നിവിടങ്ങളിലുണ്ടാകുന്ന സംഭവങ്ങള്‍ പൊലീസിനെ അറിയിക്കാന്‍ ആപ്പില്‍ സൗകര്യമുണ്ട്.
