കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

കൊച്ചി: ജസ്റ്റിസ് സിരിജഗൻ(74) അന്തരിച്ചു. ദീര്‍ഘകാലം കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു സിരിജഗന്‍. മൂന്നാഴ്ച്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.ഇതിനിടെയാണ് അന്ത്യം. കേരളത്തിലെ തെരുവുനായപ്രശ്നം പഠിക്കാനും നഷ്ടപരിഹാര അപേക്ഷകള്‍ പരിഗണിക്കാനുമായി ജസ്റ്റിസ് എസ് സിരിജഗന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയെ സുപ്രീംകോടതി 2016ല്‍ നിയമിച്ചിരുന്നു.
2005 മുതല്‍ 2014 വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു സിരിജഗന്‍. നിയമരംഗത്ത് അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകള്‍ ശ്രദ്ധേയമാണ്. കൊല്ലം മയ്യനാട് സ്വദേശിയായ അദ്ദേഹം ഔദ്യോഗിക ജീവിതത്തിന് ശേഷവും സാമൂഹിക പ്രസക്തമായ ഒട്ടനവധി ചുമതലകള്‍ നിറവേറ്റിയിരുന്നു.

ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ശേഷം സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം തെരുവ് നായ ആക്രമിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാര സമിതിയുടെ അധ്യക്ഷമായി ജസ്റ്റിസ് സിരിജഗന്‍ പ്രവര്‍ത്തിച്ചിരുന്നു. 2016ല്‍ രൂപീകരിച്ച് സമിതിയുടെ ഇടപെടലിന് പിന്നാലെ ഇരകള്‍ക്ക് കോടിക്കണക്കിന് രൂപയാണ് നഷ്ടപരിഹാരമായി ശുപാര്‍ശ ചെയ്തത്. ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍, നുവാല്‍സ് വൈസ് ചാന്‍സലര്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
