‘പ്രത്യേക പരാമര്‍ശം നേടിയ ആസിഫും ടൊവിനോയുമൊന്നും എന്നെക്കാള്‍ ഒരു മില്ലി മീറ്റര്‍ പോലും താഴെയല്ല’മമ്മൂട്ടി

മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരങ്ങള്‍ കലാകാരനെ സംബന്ധിച്ച് എപ്പോഴും പ്രോത്സാഹനമാണെന്നും പ്രത്യേക പരാമര്‍ശം നേടിയ ആസിഫലിയും ടൊവിനോയുമൊക്കെ തന്നെക്കാള്‍ ഒരു മില്ലീ മീറ്റര്‍ പോലും താഴെയല്ലെന്നും പ്രായത്തില്‍ മുതിര്‍ന്നയാള്‍ ആയതിനാല്‍ തനിക്ക് അവാര്‍ഡ് നല്‍കിയതാകാമെന്നും മമ്മൂട്ടി പറഞ്ഞു. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളം പോലെ മികച്ച സിനിമകളെടുക്കുന്ന ഒരു ഭാഷയിലെ അഭിനയത്തിന് പുരസ്‌കാരം ലഭിച്ചത് വളരെ പ്രോത്സാഹനജനകമാണെന്ന് മമ്മൂട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമകളെല്ലാം എല്ലാത്തരത്തിലും നല്ലതായിരുന്നു. അല കലാപരമായും സാമ്പത്തികമായും വിജയം നേടി. സൗബിന്‍, നടി ഷംന, എല്ലാവരും അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയെന്നും മമ്മൂട്ടി പറഞ്ഞു.
ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തെ തന്റെ പ്രസംഗത്തില്‍ മമ്മൂട്ടി പേരുപറഞ്ഞ് അഭിനന്ദിച്ചു. ഈ ചിത്രം കണ്ടെന്നും ഇത്തരം സിനിമകള്‍ മലയാളത്തില്‍ മാത്രമേ സംഭവിക്കൂ എന്നും അദ്ദേഹം വിലയിരുത്തി. മലയാളികള്‍ക്ക് മാത്രമേ ഇത്തരം സിനിമകള്‍ ചിന്തിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കൂ. മലയാളത്തില്‍ മാത്രം ഇത്ര നല്ല കഥകള്‍, ഇത്ര നല്ല സിനിമകള്‍ എങ്ങനെയുണ്ടാകുന്നു എന്ന് മറ്റ് ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ ചോദിക്കാറുണ്ട്. ഇവിടെ അതെല്ലാം കാണാന്‍ ആളുണ്ട് എന്നത് മാത്രമാണ് അതിന്റെ ഒരേയൊരു ഉത്തരം. നമ്മള്‍ മലയാളികള്‍ കലാമൂല്യമുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുന്നവരാണ്. സിനിമയിലെ നായകന്മാരും നായികമാരുമെല്ലാം സാധാരണ മനുഷ്യരാണ് എന്ന് അറിയുന്നവരാണ് ഇവിടുത്തെ പ്രേക്ഷകര്‍. അതുകൊണ്ടാണ് സിനിമയിലെ കഥാപാത്രങ്ങളെല്ലാം മനുഷ്യരാകുന്നത്. മറ്റ് പല ഭാഷകളിലും നായകന്മാര്‍ അമാനുഷികരാണ്. അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തോട്, വ്യത്യസ്ത കഥാപാത്രങ്ങളോട് പ്രേക്ഷകര്‍ ഒത്തുപോകുന്നു എന്നത് വലിയ കാര്യമാണ്. ഇത്രയും നല്ല പ്രേക്ഷകരോട് എന്നും നന്ദിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

