ഒറ്റയ്ക്ക് കഴിയുന്ന ഞാന്‍ മരിച്ചാല്‍ അതാരും അറിയാതെ പോയാലോ? ‘ആര്‍ യൂ ഡെഡ്’എന്ന ചൈനീസ് ആപ്പ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ജീവിക്കാനുള്ള ഓട്ടപ്പാച്ചിലിനിടെ മക്കള്‍ സ്വന്തം നാട് വിടേണ്ടതായി വരികയും വീട്ടില്‍ വൃദ്ധരായ മാതാപിതാക്കള്‍ തനിച്ചായി പോകുകയും ചെയ്യുന്നത് ഇപ്പോള്‍ അത്ര പുതിയ കാര്യമല്ല. തനിച്ച് കഴിയുന്ന ഇത്തരം മാതാപിതാക്കളുടെ വലിയൊരു ആശങ്ക താന്‍ മരിച്ചാല്‍ പോലും അത് ആരെങ്കിലും യഥാസമയം അറിയുമോ എന്നതാണ്. ആരോരുമറിയാതെ, ആരും വിളിക്കാതെ ഒരു ദിവസം നിശബ്ദമായി കടന്നുപോകുകയും ദിവസങ്ങളോളം കഴിഞ്ഞ് മാത്രം ആ വിവരം ലോകമറിയുകയും ചെയ്യുമോ എന്ന ഭീകരമായ ഒരു ഭയം പല വയോധികരേയും ബാധിക്കാറുണ്ട്. ഈ ആശങ്കകള്‍ മനസിലാക്കി ചൈനീസ് കമ്പനി രൂപകല്‍പ്പന ചെയ്ത ആപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഉള്‍പ്പെടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ആപ്പിന്റെ പേരാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. പേര് ക്രൂരവും ഭീകരവുമെന്ന് പറയുന്നവരുമുണ്ട്. ആര്‍ യൂ ഡെഡ് (ഡെമൂമു) എന്നാണ് ആപ്പിന് പേര് നല്‍കിയിരിക്കുന്നത്. 2026ല്‍ ചൈനയിലെ ടോപ് പെയ്ഡ് ആപ്പുകളിലെ ലിസ്റ്റില്‍ ആര്‍ യൂ ഡെഡ് ആപ്പും ഉള്‍പ്പെടുന്നുണ്ട്. ആദ്യം ഫ്രീ ആപ്പായാണ് പുറത്തിറങ്ങിയതെങ്കിലും പിന്നീട് കൂടുതല്‍ പ്രശസ്തിയാര്‍ജിച്ചതോടെ ആപ്പ് പെയ്ഡാക്കുകയായിരുന്നു. മിസ്റ്റര്‍ ഗുവോ എന്ന് അറിയപ്പെടുന്ന ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് ആപ്പ് സൃഷ്ടിച്ചത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
എല്ലാ ദിവസവും ആപ്പിലെ ബട്ടണില്‍ പ്രസ് ചെയ്ത് ചെക്കിന്‍ ചെയ്യണമെന്ന തരത്തിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. 48 മണിക്കൂറുകളായി ആപ്പില്‍ ചെക്കിന്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ഉടന്‍ ഈ ആപ്പ് ഉപോക്താവിന്റെ ഉറ്റവര്‍ക്ക് അലേര്‍ട്ട് നല്‍കും. ആപ്പ് പ്രായമായവര്‍ക്ക് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണെന്നാണ് ആപ്പിന്റെ പരസ്യം അവകാശപ്പെടുന്നത്. മനുഷ്യരുടെ പ്രത്യേകിച്ച് പ്രായമായ മനുഷ്യരുടെ ഏറ്റവും ആഴത്തിലുള്ള ഭീതിയേയും അരക്ഷിതാവസ്ഥയേയും പ്രതിഫലിപ്പിക്കുന്നതാണ് ആപ്പിന് വര്‍ധിച്ച് വരുന്ന സ്വീകാര്യത.

